25 April 2024 Thursday

വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലിട്ടു: മുഖ്യപ്രതി ആദം അലി ചെന്നൈയിൽ പിടിയിൽ

ckmnews

തിരുവനന്തപുരം∙ കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലിട്ട ഇതരസംസ്ഥാന തൊഴിലാളിയായ ആദം അലി പിടിയിൽ. ചെന്നൈയിൽനിന്ന് ആർപിഎഫാണ് ഇയാളെ പിടികൂടിയത്. ഇയാളെ കേരളത്തിലേക്കെത്തിക്കാൻ പൊലീസ് സംഘം ചെന്നൈയിലേക്കു പോയി. ഇന്നലെ വൈകിട്ട് 4.50ന് ആദം അലി തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് ഇതരസംസ്ഥാനങ്ങളിലെ പൊലീസിനും സുരക്ഷാ സേനകൾക്കും വിവരം കൈമാറി.കൊലപാതകം നടത്തിയത് ആദം അലി ഒറ്റയ്ക്കാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം വലിച്ചിഴച്ചു പ്രതി കിണറ്റിലിടുന്ന സിസിടിവി ദൃശ്യങ്ങൾ തൊട്ടടുത്തുള്ള വീട്ടിൽനിന്ന് പൊലീസിനു ലഭിച്ചു. കേശവദാസപുരം രക്ഷാപുരി റോഡിൽ മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരയെ (68) ആണ് കഴിഞ്ഞ ദിവസം രാത്രി സമീപത്തെ വീട്ടിലെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മനോരമയുടെ ഭർത്താവ് ദിനരാജ് വർക്കലയിലുള്ള മകളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. ഉച്ചയോടെ വീട്ടിൽനിന്ന് നിലവിളി കേട്ടതായി അയൽവാസികളാണ് ദിനരാജിനെ അറിയിച്ചത്.


അയൽവാസികൾ തിരച്ചിൽ നടത്തിയെങ്കിലും മനോരമയെ കണ്ടത്താനായില്ല. ദിനരാജിന്റെ പരാതിയിൽ ഇന്നലെ മൂന്നു മണിയോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. രാത്രി 11.30ന് തൊട്ടടുത്തുള്ള വീട്ടിലെ കിണറിൽനിന്ന് മൃതദേഹം കിട്ടി. അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളാണ് മനോരമയുടെ വീട്ടിനടുത്ത് താമസിച്ചിരുന്നത്. ബംഗാൾ സ്വദേശിയായ ആദം അലി പണത്തിനു വേണ്ടി കൊലപാതകം നടത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. മനോരമയുടെ വീട്ടിൽനിന്നാണ് തൊഴിലാളികൾ സ്ഥിരമായി വെള്ളം എടുത്തിരുന്നത്. ദമ്പതിമാരുടെ നീക്കം കൃത്യമായി നിരീക്ഷിച്ചശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് നിഗമനം.