29 March 2024 Friday

മൂന്നാറിൽ മഴ ശക്തം, രണ്ട് വീടുകൾ പൂര്‍ണ്ണമായി തകര്‍ന്നു, പുതുക്കടിയിൽ വീണ്ടും മണ്ണിടിച്ചിൽ

ckmnews

മൂന്നാര്‍ : കനത്തമഴയില്‍ മൂന്നാര്‍ കോളനിയില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. മുനീശ്വരന്‍, വേളാങ്കണ്ണി എന്നിവരുടെ വീടാണ് രാത്രിയില്‍ ശക്തമായി പെയ്ത മഴയില്‍ തകര്‍ന്നത്. മൂന്നാറില്‍ കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന കനത്തമഴയില്‍ നിരവധി മേഖലയിലാണ് മണ്ണിടിച്ചലുണ്ടായത്. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ പുതുക്കടിയില്‍ പുലര്‍ച്ചെ വീണ്ടും മണ്ണിടിച്ചലുണ്ടായി. ഇവിടെ താമസിച്ചിരുന്ന തൊഴിലാളികളെ സുരക്ഷിത മേഖലയിലേക്ക് മാറ്റിയതിനാല്‍ നിലവില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. 


മൂന്നാര്‍ കോളനയില്‍ മുനീശ്വരന്റെ വീട് പൂര്‍ണ്ണമായും തകര്‍ന്നു. ഇവിടെ വാടയ്ക്ക് താമസിച്ചിരുന്ന മൊയ്ദ്ദീന്‍-സഹില എന്നിവര്‍ വീട്ടിലില്ലാത്തതിനാല്‍ അപകടം ഒഴിവായി. സമീപത്തെ വേളാങ്കണ്ണി-ചന്ദ്ര ദമ്പതികളുടെ വീടിന്റെ ഒരുഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. ഇവര്‍ ബന്ധുവീട്ടില്‍ അഭയം തോടി. ശക്തമായ മഴയില്‍ തകര്‍ന്ന വീടുകള്‍ അടിയന്തരമായി പണിയുന്നതിന് സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും നടപടികള്‍ സ്വീകരിക്കണമെന്ന് സമീപവാസികള്‍ ആവശ്യപ്പെട്ടു. മൂന്നാറില്‍ അപകടത്തിന് ഇടയാക്കുന്ന മേഖലകളില്‍ താമസിക്കുന്ന ആളുകളെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കാന്‍ റവന്യുവകുപ്പിന്റെ നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്. എന്നാല്‍ അന്തോണിയാര്‍ കോളനിയുലുള്ളവര്‍ സ്ഥിരം സംവിധാനം ഒരുക്കാതെ മാറില്ലെന്ന നിലപാടിലാണ് ഉള്ളത്. 


കഴിഞ്ഞ ദിവസം അർധരാത്രിയും വട്ടവട മേഖലയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായിരുന്നു. മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിലാണ് ഇന്നലെ ഉരുൾപൊട്ടിയത്. രണ്ട് കടകളും ഒരു ക്ഷേത്രവും ഇന്നലെ മണ്ണിനടിയിലായിരുന്നു. രാത്രി ഒരു മണിയോടെയാണ് വട്ടവടയിൽ ഉരുൾപൊട്ടിയത്. അപകടത്തെ തുടർന്ന് സംഭവസ്ഥലത്ത് നിന്നും 175 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നാണ് ആളുകളെ അങ്ങോട്ട് മാറ്റിയത്. മൂന്നാർ വട്ടവട സംസ്ഥാന പാതയും അപകടത്തിൽ തകർന്നിരുന്നു. അപകടത്തെ തുടർന്ന് ഒറ്റപ്പെട്ട നിലയിലാണ് വട്ടവട. ഈ ഭാഗത്തേക്കുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. പുതുക്കുടിയിൽ റോഡ് തകർന്ന നിലയിലാണ്. പെട്ടിമുടി ദുരന്തത്തിൻ്റെ ഒന്നാം വാർഷികത്തിലാണ് ദുരന്തമുണ്ടായത് എന്നത് ആളുകളെ വല്ലാതെ ഭീതിയിലാഴ്ത്തിയിരുന്നു.