23 April 2024 Tuesday

3,500 കിലോമീറ്റർ, 148 ദിവസം; കോൺഗ്രസിന്റെ തിരിച്ചുവരവിനായി രാഹുലിന്റെ പദയാത്ര

ckmnews

3,500 കിലോമീറ്റർ, 148 ദിവസം; കോൺഗ്രസിന്റെ തിരിച്ചുവരവിനായി രാഹുലിന്റെ പദയാത്ര


ന്യൂഡൽഹി ∙ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ട് കോൺഗ്രസ്. ഇതിനു മുന്നോടിയായി കന്യാകുമാരി മുതൽ കശ്മീർ വരെ 3,500 കിലോമീറ്ററിലേറെ കാൽനടയായി രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യുടെ ഒരുക്കങ്ങൾ ആരംഭിച്ചു. ഇന്നലെ ഡൽഹിയിൽ കേരളത്തിൽ നിന്നുള്ള എംപിമാർ യോഗം ചേർന്നിരുന്നു.


കൊടിക്കുന്നിൽ സുരേഷ് എംപിയാണ് യാത്രയുടെ സംസ്ഥാന കോ–ഓർഡിനേറ്റർ. ഒക്ടോബർ 2ന് ഗാന്ധി ജയന്തി ദിനത്തിൽ തുടങ്ങി 148 ദിവസം നീളുന്ന പദയാത്രയാണ് കോൺഗ്രസിന്റെ പദ്ധതി. ഇതോടെ നേതൃനിരയിലേക്ക് രാഹുൽതന്നെ മടങ്ങിയെത്തുമെന്ന സൂചനകളുമുണ്ട്.


‘നമ്മുടെ കൂട്ടത്തിലുള്ള എല്ലാവരും, യുവാക്കളും പ്രായമായവരുമെല്ലാം ഈ പദയാത്രയുടെ ഭാഗമാകും. ആരോഗ്യ പ്രശ്നങ്ങളും പ്രായത്തിന്റേതായ വെല്ലുവിളികളും മറികടന്ന് ഈ യാത്രയുടെ ഭാഗമാകാനുള്ള വഴികൾ എന്നെപ്പോലുള്ള മുതിർന്ന നേതാക്കൾ കണ്ടെത്തേണ്ടി വരും. കോടിക്കണക്കിനു വരുന്ന ഇന്ത്യക്കാരുടെ ദൈനംദിന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതായിരിക്കും ഈ പദയാത്ര’– ഭാരത് ജോഡോ യാത്ര പ്രഖ്യാപിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.