24 April 2024 Wednesday

കോവിഡ് 19:സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ckmnews

കോവിഡ് 19 ;സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു


രണ്ട് പേര്‍ മലപ്പുറത്ത്


മലപ്പുറം:സംസ്ഥാനത്ത് മൂന്ന് പേര്‍ക്കു കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറത്ത് രണ്ട് പേര്‍ക്കും, കാസര്‍കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 24 ആയി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് 12,470പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്.വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഗൗരവമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സാമ്പത്തിക നിലയെ രോഗം ബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കാനാവശ്യമായ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.നെടുമ്പാശ്ശേരിയില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞ വിദേശി കടന്നു കളയാന്‍ ശ്രമിച്ചത് ഗൗരവതരമായ ഒന്നാണ്. വിമാനത്താവളങ്ങളില്‍ കൂടുതല്‍ ജാഗ്രതയും മുന്‍കരുതലും സ്വീകരിക്കണം. ഇത് പാലിക്കാന്‍ ജനങ്ങളും തയ്യാറാകണം. ആഭ്യന്തര യാത്രക്കാരെ പരിശോധിക്കും. വിദേശത്ത് പോകുന്നവരെയും പരിശോധിക്കും. വിമാനത്താവളത്തില്‍ എല്ലാ നടപടിക്രമങ്ങളും വേഗത്തിലാക്കും.വിമാനത്താവളത്തില്‍ എത്തുന്നവരില്‍ രോഗ ലക്ഷണമുള്ളവരെ നേരിട്ട് ആശുപത്രിയില്‍ മാറ്റും. ബാക്കി ഉള്ളവരെ വീടുകളില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കും. ഇതിന് പ്രത്യേക വാഹനം ഏര്‍പ്പാടാക്കും. പോലീസിന്റെ മേല്‍നോട്ടത്തിലാകും വീടുകളിലേക്ക് എത്തിക്കുക എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.