മഴ തുടരുന്നു; ഇടുക്കി ഡാം ഇന്ന് തുറക്കും, എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്

മഴ തുടരുന്നു; ഇടുക്കി ഡാം ഇന്ന് തുറക്കും, എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും മഴ തുടരും. അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റുമാണ് കേരളത്തിൽ മഴ തുടരുന്നതിന് കാരണം.
വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും. നിലവിലെ റൂൾ കർവ് അനുസരിച്ചുള്ള സംഭരണ ശേഷിയിലേക്ക് വെള്ളം എത്തിയിട്ടുണ്ട്. രാവിലെ പത്തു മണിക്ക് ഡാം തുറക്കുമെന്നാണ് വിവരം. അണക്കെട്ടിന്റെ ഒരു ഷട്ടർ 70 സെൻറീമീറ്റർ ഉയർത്തി അൻപത് ഘനമീറ്റർ വെള്ളം പെരിയാറിലേക്ക് ഒഴുക്കും. മുൻകരുതൽ എന്ന നിലയിൽ പെരിയാർ തീരത്തുള്ള 79 കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.