19 April 2024 Friday

രാമക്ഷേത്ര നിര്‍മാണം; പ്രിയങ്കഗാന്ധിയുടെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ്

ckmnews



രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച പ്രിയങ്കഗാന്ധിയുടെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ്. പ്രസ്താവനക്കെതിരെ ലീഗ് പ്രതിഷേധം അറിയിക്കും. മുസ്ലിം ലീഗ് ദേശീയ കമ്മറ്റി യോഗം നാളെ ചേര്‍ന്ന ശേഷം നിലപാട് വ്യക്തമാക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.പ്രിയങ്ക ഗാന്ധിയുടെ നിലപാടിനോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.


രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള ഭൂമിപൂജ ദേശീയ ഐക്യത്തിനുള്ള അവസരമാണെന്നായിരുന്നു പ്രിയങ്ക ഗാന്ധി പ്രതികരണം. രാമന്‍ എല്ലാവര്‍ക്കുമൊപ്പം ഉണ്ടെന്നും തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രിയങ്ക ഗാന്ധി കുറിച്ചു. നേരത്തെ, ദിഗ്വിജയ് സിംഗ്, മനീഷ് തിവാരി, കമല്‍നാഥ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും രാമക്ഷേത്ര നിര്‍മ്മാണത്തെ സ്വാഗതം ചെയ്തിരുന്നു.ധീരതയും ത്യാഗവും ലാളിത്യവും പരിത്യാഗവും സമര്‍പ്പണവുമാണ് ദീനബന്ധു രാമന്‍ എന്ന പേരിന്റെ കാതല്‍. രാമന്‍ എല്ലായിടത്തും എല്ലാവരിലും ഉണ്ട്. രാമദേവന്റെയും സീതാദേവിയുടെയും സന്ദേശവും അനുഗ്രഹവും കൊണ്ട്, ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാണ്.’- പ്രിയങ്ക ഗാന്ധി കുറിച്ചു.


നാളെയാണ് രാമക്ഷേത്രത്തിന്റെ ഭൂമിപൂജ. ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. ക്ഷേത്ര നിര്‍മാണ ആരംഭ ചടങ്ങുകള്‍ അന്തര്‍ ദേശീയ തലത്തില്‍ തന്നെ വന്‍ ആഘോഷമാക്കാനാണ് രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ശ്രമം. സുരക്ഷാ മുന്നിറിയിപ്പുകളുടെ പശ്ചാത്തലത്തിലും കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലും കനത്ത സുരക്ഷയിലും ജാഗ്രതയിലുമാണ് ആണ് ചടങ്ങുകള്‍ നടക്കുക.