29 March 2024 Friday

ഡൽഹിയിൽ കോൺഗ്രസ് പ്രതിഷേധം രാഹുൽ ഗാന്ധി, ശശി തരൂർ അടക്കം കോൺഗ്രസ് എം.പിമാർ കസ്റ്റഡിയിൽ

ckmnews

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ രാഷ്ട്രപതി ഭവൻ മാർച്ചിനെ നേരിട്ട് ഡൽഹി പൊലീസ്. രാഹുൽ ഗാന്ധി, ശശി തരൂർ അടക്കമുള്ള എം.പിമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എ.ഐ.സി.സി ആസ്ഥാനത്തും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ആസ്ഥാനത്തെ പൊലീസ് ബാരിക്കേഡ് ചാടിക്കടന്ന് പ്രിയങ്ക ഗാന്ധി കുത്തിയിരുന്ന് പ്രതിഷേധിച്ചു.


വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു കോൺഗ്രസ് എം.പിമാരുടെ രാഷ്ട്രപതി ഭവൻ മാർച്ച്. കോൺഗ്രസ് പ്രതിഷേധം മുൻകൂട്ടിക്കണ്ട് നേരത്തെ ഡൽഹിയിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വിലക്ക് ലംഘിച്ചായിരുന്നു കോൺഗ്രസ് പ്രതിഷേധം. വിജയ് ചൗക്കിൽ പ്രതിഷേധം ആരംഭിക്കുമ്പോൾ തന്നെ എം.പിമാരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജനങ്ങളുടെ വിഷയം ഉയർത്തിയാണ് മാർച്ചെന്നും എന്നാൽ ചില എം.പിമാരെ മർദിക്കുകയും അറസ്റ്റ് ചെയ്തു നീക്കുകയുമാണ് പൊലീസ് ചെയ്തതെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു. കായികമായി കൈകാര്യം ചെയ്താലും പ്രതിഷേധം തുടരുമെന്നും രാഹുൽ വ്യക്തമാക്കി.


വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടത്തുന്നത്. രണ്ടു വിഷയങ്ങളിലും പാർലമെന്റിന് അകത്ത് നടത്തിയ പ്രതിഷേധം കോൺഗ്രസ് പുറത്തേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാജ്യവ്യാപകമായ പ്രതിഷേധം. എന്നാൽ, നാഷനൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിയുടെ കൂടി പശ്ചാത്തലത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്