24 April 2024 Wednesday

തമിഴ്‌നാട്ടിൽ സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത 5 പൊലീസുകാർക്ക് സ്ഥലംമാറ്റം

ckmnews

തമിഴ്‌നാട്ടിൽ സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത പൊലീസുകാർക്ക് സ്ഥലംമാറ്റം. സ്‌പെഷ്യൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. കഴിഞ്ഞ ഞായറാഴ്ച മയിലാടുതുറൈ ജില്ലയിലെ സെമ്പനാർകോവിലിൽ സംഘടിപ്പിച്ച ഫാഷൻ ഷോയിലാണ് പൊലീസുകാർ റാംപ് വാക്ക് ചെയ്തത്.സെമ്പനാർകോവിൽ സ്‌റ്റേഷനിൽ ഡ്യൂട്ടി ചെയ്യുന്ന രേണുക, അശ്വിനി, നിത്യശീല, ശിവനേശൻ എന്നീ നാല് കോൺസ്റ്റബിൾമാരെയും സ്‌പെഷ്യൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സുബ്രഹ്മണ്യനെയുമാണ് നാഗപട്ടണം ജില്ലാ പൊലീസ് സൂപ്രണ്ട് സ്ഥലംമാറ്റിയത്. മയിലാടുതുറൈ ജില്ലയിലെ മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്കാണ് സ്ഥലം മാറ്റം. ഫാഷൻ ഷോയുടെ സുരക്ഷാ ചുമതല ഇവരെയാണ് ഏൽപ്പിച്ചിരുന്നത്. നടി യാഷിക ആനന്ദയും ചടങ്ങിൽ പങ്കെടുത്തിരുന്നു.

സംഘാടകർ നിർബന്ധം പിടിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥർ റാംപ് വാക്ക് നടത്തി. സ്റ്റൈലൻ നടത്തം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഇവർക്ക് പണികിട്ടിയത്. അതേസമയം ‘തെരി’ സിനിമ പൊലീസ് ഗാനത്തിന്റെ പശ്ചാത്തലത്തിൽ റാംപ് വാക്കിന് ഇറങ്ങിയ പൊലീസുകാർക്കെതിരെ എടുത്ത നടപടിയെ അപലപിച്ച് നിരവധി പേർ രംഗത്തെത്തി.