24 April 2024 Wednesday

രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം മത്സ്യ തൊഴിലാളികള്‍ കടലിലേക്ക്

ckmnews

പൊന്നാനി:രണ്ട് മാസത്തെ  കാത്തിരിപ്പിനുശേഷം മത്സ്യബന്ധന ബോട്ടുകൾ കടലിലേക്ക്.ചാകരക്കൊയ്‌ത്ത്‌ കൊതിച്ചിരിക്കുന്ന കടലിന്റെ മക്കളിൽ കോവിഡും, കടൽക്ഷോഭ ഭീഷണിയും ആശങ്കയുടെ കരിനിഴൽ വീഴ്‌ത്തുന്നുവെങ്കിലും അറുതിയായി സമൃദ്ധിയുടെ നാളുകളുണ്ടാകുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ.രണ്ടരമാസത്തോളം കരയിൽ നിർത്തിയിട്ടിരുന്ന ബോട്ടുകളുടെ എൻജിന്റെ പ്രവർത്തനക്ഷമതാ പരിശോധനയും ബോട്ടുകളിലേക്കാവശ്യമായ വലകളും മറ്റു ഉപകരണങ്ങളും എത്തിക്കുന്ന പ്രവർത്തനങ്ങളുമായി ട്രോളിങ്‌ നിരോധനം അവസാനിക്കുന്നദിവസം തൊഴിലാളികൾ സജീവമായി.പൊന്നാനി ഹാർബറിൽ നിരവധി ബോട്ടുകളാണ് അവസാനഘട്ട മിനുക്കുപണികളിൽ ഏർപ്പെട്ടത്.മത്സ്യങ്ങളുടെ പ്രജനനകാലം പൂർത്തിയായതോടെ തീരക്കടലിലുൾപ്പെടെ മത്സ്യങ്ങൾ ധാരാളമുണ്ടാകുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ.ആഴക്കടൽ മത്സ്യബന്ധനത്തിനായി മിക്ക ബോട്ടുകളും ചൊവ്വാഴ്ച അർധരാത്രിയിലാണ് കടലിലേക്കിറങ്ങുന്നത്. യാനങ്ങൾ രജിസ്ട്രേഷൻ നമ്പറിന്‍റെ അടിസ്ഥാനത്തിൽ ഒറ്റ, ഇരട്ട അക്കം പാലിച്ച്‌ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മത്സ്യബന്ധനത്തിനു പോകാനാണ് അനുമതി. പുറപ്പെടുന്ന സ്ഥലത്ത് തന്നെ തിരിച്ചെത്തുകയും വേണം