24 April 2024 Wednesday

മാറഞ്ചേരി പൗരാവകാശ സംരക്ഷണ സമിതി ഉദ്ഘാടനം ആഗസ്റ്റ് 6 ന് ജസ്റ്റിസ് കെമാൽ പാഷ നിർവ്വഹിക്കും

ckmnews

മാറഞ്ചേരി പൗരാവകാശ സംരക്ഷണ സമിതി ഉദ്ഘാടനം ആഗസ്റ്റ് 6 ന് ജസ്റ്റിസ് കെമാൽ പാഷ നിർവ്വഹിക്കും


മാറഞ്ചേരി:പൗരന്മാരുടെ വിവിധ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി രൂപീകരിച്ച ജനകീയ കൂട്ടായ്മയായ"പൗരാവാകാശ സംരക്ഷണ സമിതി മാറഞ്ചേരി"യുടെ ഔപചാരിക പ്രവർത്തനോദ്ഘാടനം ആഗസ്റ്റ് 6 ശനിയാഴ്ച 2.30 ന് മാറഞ്ചേരി മുക്കാലയിലെ അരുണോദയം റീജൻസിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും ഹൈക്കോടതിയിലെ ജഡ്ജിയുമായിരുന്ന ജസ്റ്റിസ് കെമാൽ പാഷ സമിതിയുടെ പ്രവർത്തനോദ്ഘാടനം നിർവ്വഹിക്കും.പ്രമുഖ ആക്ടിവിസ്റ്റും സാഹിത്യകാരനുമായ പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.ലോഗോ പ്രകാശനം മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയേടത്തും നിർവ്വഹിക്കും.സമിതി പ്രസിഡന്റ് അഡ്വ.എം.എ.എം.റഫീഖ് അധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് മെമ്പർ ഏ.കെ. സുബൈർ, പ്രൊഫ. ചന്ദ്രഹാസൻ,തഹസിൽദാർ, സർക്കിൾ ഇൻസ്പെക്ടർ ,മെഡിക്കൽ ഓഫീസർ , വില്ലേജ് ഓഫീസർ , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി,കെ.എസ്.ഇ.ബി അസി.എഞ്ചിനീയർ , കൃഷി ഓഫീസർ തുടങ്ങിയ ഉദ്യോഗസ്ഥരും ആശംസകൾ അർപ്പിക്കും.വിവിധ സർക്കാർ ഓഫീസുകളിൽ, സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളിൽ,ആശുപത്രികളിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ,വൈദ്യുതി ഓഫീസുകളിൽ പൗരന്മാർ നേരിടുന്ന അവകാശ ധ്വംസനങ്ങൾ,നീതി നിഷേധങ്ങൾ, അഴിമതി, കെടു കാര്യസ്ഥത തുടങ്ങിയവക്ക് എതിരെ നിലകൊള്ളുകയും അവകാശങ്ങൾ നേടിയെടുക്കുന്നതിന് പൗരന്മാരെ സഹായിക്കുകയും ചെയ്യുക എന്നതാണ് സമിതി ലക്ഷ്യമാക്കുന്നത്.ശബ്ദമില്ലാത്തവരുടെ ശബ്ദമായി പ്രവർത്തിക്കുക എന്നതും പൗരധർമ്മങ്ങളെ സംബന്ധിച്ച് ശരിയായ അവബോധം സൃഷ്ടിക്കുക എന്നതും സമിതിയുടെ പ്രവർത്തനങ്ങളിൽ പെടുന്നു.പൗരൻമാർ നേരിടുന്ന പ്രശ്നങ്ങൾക്ക് വേണ്ടി സമിതിയെ നേരിട്ട് സമീപിക്കാവുന്നതാണെന്നും പരാതിയും നിർദ്ദേശങ്ങളും ലഭിച്ചാൽ സമിതി അതിൽ ഇടപെട്ട് ,നിലനിൽക്കുന്ന ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി നീതിപൂർവ്വമായ പരിഹാരം ഉണ്ടാക്കിക്കൊടുക്കാൻ ശ്രമിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.പൗരാവകാശ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി എ.അബ്ദുൾ ലത്തീഫ്, ട്രഷറർ എം.ടി. നജീബ്, എക്സി.. അംഗങ്ങളായ എൻ.കെ.അബ്ദുന്നാസർ, എൻ.കെ. റഹീം, രുദ്രൻ വാരിയത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു