19 April 2024 Friday

വൻ മോഷണത്തിന് പദ്ധതിയിട്ട് ഒത്തുകൂടി, രണ്ടുപേരെ ആയുധങ്ങളുമായി പൊക്കി, പദ്ധതി പൊളിച്ചടുക്കി മലപ്പുറം പൊലീസ്

ckmnews

മലപ്പുറം: മോഷണം ലക്ഷ്യമിട്ട് മാരകായുധങ്ങളുമായി ഒത്തുകൂടിയ രണ്ട് പേർ മാരകായുധങ്ങളുമായി പിടിയിൽ. പെരിന്തൽമണ്ണ അരക്കപറമ്പ് കണ്ടമംഗലത്ത് മോഹൻകുമാർ(26), മമ്പാട് താഴത്തങ്ങാടി പത്തായക്കടവൻ മുഹമ്മദ് ഷബീബ്(35) എന്നിവരെയാണ് മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 


കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം.  മലപ്പുറം എം എസ് പി ക്യാമ്പിന് സമീപത്ത് വച്ച് സംശയാസ്പദമായ നിലയിൽ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മലപ്പുറത്തും പരിസരത്തും മോഷണത്തിന് പ്രതികൾ പദ്ധതിയിട്ടിരുന്നുവെന്ന് ചോദ്യചെയ്യലിൽ പറഞ്ഞതായി പൊലീസ് പറഞ്ഞു. 


ഇതോടെ വലിയ മോഷണ പദ്ധതിയാണ് പൊളിഞ്ഞതെന്നും പോലീസ് പറഞ്ഞു. പ്രതികൾക്കെതിരെ മഞ്ചേരി, നിലമ്പൂർ, കൊളത്തൂർ, വണ്ടൂർ പാലക്കാട് ജില്ലയിലെ നാട്ടുകൽ സ്റ്റേഷനുകളിലെ കളവ് കേസുകളുണ്ട്. മലപ്പുറം കോടതിയി റിമാൻഡ് ചെയ്തു.