19 April 2024 Friday

ശബരിമല ശ്രീകോവിലിലെ ചോർച്ച:അഗ്നികോണിൽ ചോർച്ചയുള്ള ഭാഗം കണ്ടെത്തി,സ്വർണ്ണ പാളികളുടെ ആണികൾ മുഴുവൻ മാറ്റും

ckmnews

ശബരിമല:ശ്രീകോവിലിലെ ചോർച്ച പരിഹരിക്കാനുള്ള പരിശോധനകള്‍ പൂര്‍ത്തിയായി.അഗ്നികോണിൽ ചോർച്ചയുള്ള ഭാഗം കണ്ടെത്തി. സ്വർണ്ണപ്പാളികൾ ഉറപ്പിച്ച  സ്വർണ്ണം പൊതിഞ്ഞ ആണികൾ ദ്രവിച്ചു പോയതാണ് ചോർച്ചക്ക് ഇടയാക്കിയത്.ശ്രീകോവിൽ മേൽക്കൂരയിലെ  സ്വർണ്ണ പാളികളുടെ ആണികൾ മുഴുവൻ മാറ്റും.സ്വർണ്ണപ്പാളികളിലെ വിടവ് വഴിയുള്ള ചോർച്ച തടയാൻ പശ ഉപയോഗിക്കും.ഈ മാസം 22ന് പ്രവർത്തികൾ തുടങ്ങും.ഓണത്തിന് നട തുറക്കുന്നതിന് മുൻപായി ജോലികൾ പൂർത്തിയാക്കും.ദേവസ്വം പ്രസിഡണ്ട്, തന്ത്രി, ശബരിമല സ്പെഷ്യഷൽ കമ്മീഷണർ, തിരുവാഭരണം കമ്മീഷണർ, എക്സിക്യൂട്ടീവ് ഓഫീസർ, ദേവസ്വം വിജിലൻസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന .


വിഷുമാസ പൂജകൾക്ക് നട തുറന്നപ്പോൾ തന്നെ ശ്രീകോവിലിൻ്റെ മുന്നിലെ ദ്വാരപാലക ശില്പങ്ങളിലേക്ക് വെള്ളം വീഴുന്നത് ശ്രദ്ധയിൽ വന്നതാണെന്ന് ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപൻ തന്നെയാണ് രണ്ടാഴ്ച മുൻപ് പറഞ്ഞത്. എന്നാൽ ഏപ്രിൽ മാസത്തിൽ കണ്ടെത്തിയ ചോർച്ചയുടെ തീവ്രത മൂന്ന് മാസങ്ങൾക്കിപ്പുറം മാധ്യമ വാർത്തകൾക്ക് ശേഷമാണ് ദേവസ്വം ബോർഡ് ഗൗരവത്തിലെടുത്തത്. 


ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന കൃഷ്ണകുമാര വാര്യരാണ് മേൽക്കൂരയുടെ ചോർച്ച പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് അന്ന്  ബോർഡിനെ സമീപിച്ചത്. സ്വർണം പാളികൾ പതിച്ച മേൽക്കൂര പൊളിക്കുന്നതിന്  ഹൈക്കോടതിയുടെ അനുമതി തേടണമെന്ന്  ഒരു മാസം മുൻപ് തിരുവാഭരണ കമ്മീഷണർ ജി ബൈജുവും ബോർഡിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സ്പോൺസർമാരെ കണ്ടെത്തി ശ്രീകോവിൽ നവീകരിക്കുന്നതിനെ പറ്റി ആലോചിച്ചത് എന്നാൽ ബോർഡ് തന്നെ നിർമ്മാണം നടത്താം എന്ന തീരുമാനത്തിലെത്തിയതിലൂടെ സാന്പത്തിക പ്രതിസന്ധിയില്ലെന്നും വ്യക്തം. സമയബന്ധിതമായി നിർമ്മാണം നടത്താത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു.