19 April 2024 Friday

ബംഗളൂരുവിൽ കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ചു

ckmnews

ബംഗളൂരു: ബംഗ്ലൂരുവിൽ കീടനാശിനി ശ്വസിച്ച് എട്ട് വയസ്സുള്ള മലയാളി പെൺകുട്ടി മരിച്ചു. ഫ്ലാറ്റ് വൃത്തിയാക്കുന്നതിനായി കീടനാശിനി അടിച്ചതാണ് ദാരുണ സംഭവത്തിലേക്ക് വഴിവച്ചത്. വസന്തനഗറിലെ ഫ്ലാറ്റിൽ വാടകയ്ക്ക് കഴിയുകയായിരുന്നു ഐടി ജീവനക്കാരനായ വിനോദും കുടുംബവും. കർണാടക സ്വദേശിയുടെ ഉടസ്ഥതിയിലുള്ളതാണ് ഫ്ലാറ്റ്. പെയിന്‍റിങ് ജോലി നടക്കുന്നതിനാൽ വെള്ളിയാഴ്ച വിനോദും ഭാര്യ നിഷയും മകൾ അഹാനയും സ്വദേശമായ കണ്ണൂരിലെ കൂത്തുപറമ്പിലേക്ക് പോയി. തിങ്കളാഴ്ച പുലർച്ചെ തിരിച്ചെത്തി. അറ്റകുറ്റപണി പൂർത്തിയായ ഫ്ലാറ്റിലെത്തി യാത്രാക്ഷീണം കൊണ്ട് ഉറങ്ങി. രണ്ട് മണിക്കൂർ കഴിഞ്ഞതും തളർച്ച അനുഭവപ്പെട്ടു. 


യത്രാക്ഷീണമെന്ന് കരുതി ചായ ഉണ്ടാക്കി കുടിച്ചു. പിന്നാലെ എട്ട് വയസ്സുള്ള അഹാനയ്ക്ക് ശ്വാസതടസം രൂക്ഷമായി. ഉടനെ സമീപത്തെ ജയിൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കീടനാശിനി അകത്ത് ചെന്നതാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ നിഗമനം.