20 April 2024 Saturday

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കനത്ത മഴ; മൂന്നിലവിലും മൂലമറ്റത്തും ഉരുൾപൊട്ടി

ckmnews

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കനത്ത മഴ; മൂന്നിലവിലും മൂലമറ്റത്തും ഉരുൾപൊട്ടി


കോട്ടയം/തൊടുപുഴ/പത്തനംതിട്ട ∙ ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ. മൂന്നിലവ് വില്ലേജിൽ ഉരുൾപൊട്ടലുണ്ടായി. നാശനഷ്ടങ്ങളില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.മൂന്നിലവ് ടൗണിൽ വെള്ളം കയറി. മുണ്ടക്കയം– എരുമേലി സംസ്ഥാന പാതയിൽ ഗതാഗത തടസ്സമുണ്ടായി.കരിനിലത്ത് തോട് കര കവിഞ്ഞ് ഒഴുകിയതിനെ തുടർന്നാണ് ഗതാഗതം തടസപ്പെട്ടത്.ശക്തമായി മഴയിൽ പ്രദേശത്ത് ഉണ്ടായ മലവെള്ളപാച്ചിലിലാണ് റോഡിൽ വെള്ളം കയറിയത്. നാലോളം വീടുകളിലും വെള്ളം കയറി.


പത്തനംതിട്ട സീതത്തോടിന് സമീപം കൊച്ചുകോയിക്കൽ തോട് കരകവിഞ്ഞൊഴുകുന്നു

പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴയും വെള്ളപ്പാച്ചിലും. നദികളിൽ ജലനിരപ്പുയരുന്നു, തോടുകൾ കരകവിഞ്ഞു.  അച്ചൻകോവിലാറിൽ ജലനിരപ്പ് ഉയർന്നു. കൂടൽ, കലഞ്ഞൂർ, കോന്നി മേഖലകളിലും നദിയിൽ വെള്ളം ഉയരുന്നു. സീതത്തോടിനു സമീപം കൊച്ചുകോയിക്കൽ തോട് കരകവിഞ്ഞു. കൊച്ചുകോയിക്കൽ നാലാം ബ്ലോക്കിൽ മണ്ണിടിഞ്ഞ് വീടു തകർന്നു. 


ഇന്ന് വൈകിട്ടുയുണ്ടായ ശക്തമായ മഴയിൽ ഇടുക്കി മൂലമറ്റം കണ്ണിക്കൽ മലയിൽ ഉരുൾപൊട്ടി. മണപ്പാടി, കച്ചിറമറ്റം പാലങ്ങൾ വെള്ളത്തിനടിയിലായി.  വൈകിട്ട് 6 മണിയോടെയാണ് ഉരുൾപൊട്ടിയത്.ഉരുൾപൊട്ടിയത് എവിടെയെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഉരുളിൽ ഒഴുകിയെത്തിയ വെള്ളം  മണപ്പാടി, കച്ചിറമറ്റം തോടിലൂടെ ഒഴുകിപ്പോവുകയായിരുന്നു. കഴിഞ്ഞ വർഷം കച്ചിറമറ്റം പാലത്തിലൂടെ കടന്നുപോയ കാർ അപകടത്തിൽ പെട്ട് 2 പേർ മരിച്ചിരുന്നു. വലകെട്ടിഭാഗത്തും ഉരുൾപൊട്ടിയതായി സൂചനയുണ്ട്. 

വാളകം മേച്ചാൽ റോഡിൽ കല്ലു വീണ് ഗതാഗതം തടസ്സപ്പെട്ടപ്പോൾ

മഴ ശക്തമായതിനെ തുടർന്ന് നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകൾ രണ്ടര സെന്റിമീറ്റർ ഉയർത്തി. പൊൻമുടി, കല്ലാർ, മങ്കയം വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു.