20 April 2024 Saturday

കോവിഡ് ഡ്യൂട്ടി : ജീവനക്കാർക്ക് സ്ലീപ്പർ ബെർത്ത് ബസ്സുമായി കെ എസ് ർ ടി സി

ckmnews

FILE PHOTO


മലയാളികൾക്ക് പ്രിയപ്പെട്ട ആനവണ്ടി പുതിയ റോളിനുള്ള തയാറെടുപ്പിലാണ്. കൊവിഡ് ഡ്യൂട്ടിയിലുള്ള കെഎസ്ആർടിസി ജീവനക്കാർക്ക് കെഎസ്ആർടി ബസ് തന്നെ ഇനി തലചായ്ക്കാനുള്ള ഇടങ്ങളാകും. കോഴിക്കോടാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ഒരുങ്ങുന്നത്.പറക്കും തളികയിലെ താമരാക്ഷൻ പിള്ള ബസിന്റെ ഭാവത്തിലായിരിക്കും ഇനി ഈ കെഎസ്ആർടിസി ബസും. വിമാനത്താവളങ്ങളിലെയും റെയിൽവേ സ്‌റേഷനുകളിലെയും കൊവിഡ് ഡ്യുട്ടി കഴിഞ്ഞെത്തുന്ന ഡ്രൈവർമാർക്ക് ശീതീകരിച്ച സ്ലീപ്പർ ക്ലാസ്സിൽ തന്നെ ഇനി വിശ്രമിക്കാം. ഒരേസമയം 16 പേർക്ക് കിടക്കാൻ കഴിയുന്ന കുഷ്യൻ ബെർത്താണ് വിശ്രമത്തിനായി ഒരുങ്ങുന്നത്. തീർന്നില്ല മുകളിൽ വാട്ടർ ടാങ്കും ,ബസ്സിനകത്ത് വാഷ്‌ബേസിനും എല്ലാം ഉണ്ടാകും. ചുരുക്കി പറഞ്ഞാൽ തീവണ്ടിയിലെ സ്ലീപ്പർ ക്ലാസിൽ എന്ന പോലെ തന്നെ ജീവനക്കാർക്ക് വിശ്രമിക്കാം. ആദ്യം കോഴിക്കോട് ജില്ലയിൽ തുടങ്ങുന്ന പദ്ധതി ഘട്ടം ഘട്ടമായി മറ്റ് ജില്ലകളിലും നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.സർവീസിൽ നിന്ന് ഒഴുവാക്കിയ ബസാണ് ഇതിനായി തിരഞ്ഞെടുത്തത്. നടക്കാവിലെ കെഎസ്ആർടിസി വർക്ക് ഷോപ്പിൽ ആദ്യ വിശ്രമ ബസിന്റെ പണി ആരംഭിച്ചു കഴിഞ്ഞു. ഒന്നരലക്ഷം രൂപയാണ് ബോഡി മാറ്റിയെടുക്കാനുള്ള ചെലവായി കണക്കാക്കുന്നത്. ആദ്യം കൊവിഡ് ഡ്യൂട്ടിയിലുള്ളവർക്കും പിന്നീട് റെസ്റ്റ് റൂം ഇല്ലാത്ത ഡിപ്പോകളിലും വിശ്രമവണ്ടി ഉണ്ടാകും.