20 April 2024 Saturday

മലപ്പുറം ജില്ലയുടെ ആരോഗ്യമേഖല തളിർക്കും; മഞ്ചേരിയിൽ നഴ്സിങ് കോളജ് ഈ അധ്യയനവർഷം തന്നെ

ckmnews

മഞ്ചേരിയിൽ നഴ്സിങ് കോളജ് ഈ അധ്യയനവർഷംതന്നെ ആരംഭിക്കുമെന്നും ആരോഗ്യ മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് മലപ്പുറം ജില്ലയ്ക്ക് ഈ വർഷം 15.97 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി വീണാ ജോർജ്. ജില്ലയിലെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മഞ്ചേരി മെഡിക്കൽ കോളേജ് ക്യാംപസിലാണ് നഴ്സിങ് കോളേജ് തുടങ്ങുക. നിലമ്പൂർ ജില്ലാ ആശുപത്രിയിലെ മാതൃ-ശിശു കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയാക്കാൻ 9 കോടി രൂപ അനുവദിച്ചതായും മന്ത്രി.


ആദിവാസി മേഖലയിൽ ആരോഗ്യ പ്രവർത്തകരുടെ സേവനം നേരിട്ടെത്തിക്കുന്ന ട്രൈബൽ മൊബൈൽ യൂണിറ്റുകളുടെ പ്രവർത്തനം പോത്തുകല്ല്, ചാലിയാർ പഞ്ചായത്തുകളിൽ ഈ സാമ്പത്തിക വർഷം തന്നെ നടപ്പാക്കും. മലയോര ഗോത്ര മേഖലകളിൽ വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ഒന്നിന് തിരുവനന്തപുരത്ത് യോഗം വിളിച്ചിട്ടുണ്ട്. ഭൂപ്രകൃതിയും പിന്നാക്കാവസ്ഥയും പരിഗണിച്ച് നിലമ്പൂരിന് ഇക്കാര്യത്തിൽ മുൻഗണന നൽകും.


മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിലെ ഫയൽ നടപടിക്രമങ്ങൾ പൂർണമായും ഓൺലൈനാക്കുന്ന ‘ഇ-ഓഫീസ്’ സംവിധാനം മന്ത്രി ഉദ്ഘാടനം ചെയ്തു. ഹൃദ്യം പദ്ധതിയിലൂടെ ഏറ്റവും കൂടുതൽ ശസ്ത്രക്രിയകൾ നടത്തിയ ജില്ല മലപ്പുറമാണ്. 1032 ശസ്ത്രക്രിയകളാണ് ജില്ലയിൽ ഈ പദ്ധതി വഴി നടത്തിയത്. കോവിഡ് കാലഘട്ടത്തിൽ മികച്ച പ്രവർത്തനം നടത്തിയ ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളെയും മന്ത്രി അഭിനന്ദിച്ചു. പ്രതിരോധ വാക്‌സാപ് ലോഞ്ചിങ്, എൻഡിസി പോപ്പുലേഷൻ ബേസ്ഡ് സർവേയുടെ ജില്ലാതല ലോഞ്ചിങ് എന്നിവയും മന്ത്രി നിർവഹിച്ചു.