29 March 2024 Friday

വയറ്റിൽ കെട്ടിവച്ച് മന്ത്രവാദ സാമഗ്രികള്‍;യാത്രക്കാരൻ ദുബായ് വിമാനത്താവളത്തിൽ പിടിയിൽ

ckmnews

വയറ്റിൽ കെട്ടിവച്ച് മന്ത്രവാദ സാമഗ്രികള്‍;യാത്രക്കാരൻ ദുബായ് വിമാനത്താവളത്തിൽ പിടിയിൽ


ദുബായ് ∙ മന്ത്രവാദ സാമഗ്രികളുമായി എത്തിയ യാത്രക്കാരനെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. മന്ത്രത്തകിടുകൾ, മൃഗത്തൊലി കൊണ്ടു നിർമിച്ച ബ്രേസ്‌ലറ്റ്, മോതിരം തുടങ്ങിയവ വയറ്റിൽ കെട്ടിവച്ച നിലയിലായിരുന്നു. ആഫ്രിക്കയിൽ നിന്ന് എത്തിയ ഇയാളുടെ നടപ്പിലും പെരുമാറ്റത്തിലും സംശയം തോന്നിയ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് ഇവ കണ്ടെത്തിയത്. മന്ത്രവാദം നടത്തുന്നതും മറ്റും യുഎഇയിൽ ഗുരുതര കുറ്റകൃത്യമാണ്. 


ദുബായിൽ 2018നും 2020നും ഇടയിൽ 68 കിലോയിലേറെ മന്ത്രവാദ സാമഗ്രികൾ പിടികൂടിയിട്ടുണ്ടെന്നു കസ്റ്റംസ് കസ്റ്റംസ് ഡയറക്ടർ ഖാലിദ് അഹമ്മദ് പറഞ്ഞു. എല്ലുകൾ, രക്തം, മത്സ്യത്തിന്റെ മുള്ള് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. 'കൺകെട്ട് മോഡലിൽ' തട്ടിപ്പ് നടത്തുന്നവരെയും പിടികൂടാൻ നിരീക്ഷണം ശക്തമാക്കി.


സാധനങ്ങൾ വാങ്ങിയശേഷം ഡ്യൂട്ടിഫ്രീ കൗണ്ടറിലെത്തിയ ഇന്ത്യക്കാരന്റെ പണം തട്ടിയതടക്കമുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പഴ്സ് തുറന്നപ്പോൾ പിന്നിൽ നിന്ന വിദേശി ഇന്ത്യൻ രൂപ കാണിക്കാമോയെന്നു മാന്യമായി ചോദിച്ച് വാങ്ങുകയും തിരികെ നൽകുകയുമായിരുന്നു. അൽപം കഴിഞ്ഞു പഴ്സ് തുറന്ന ഇന്ത്യക്കാരൻ പണം നഷ്ടപ്പെട്ടതറിഞ്ഞു പരാതി നൽകിയതിനെ തുടർന്നു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് ബോധ്യമായത്. പ്രതി വിമാനത്താവളത്തിനു പുറത്തു കടക്കുംമുൻപ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.