29 March 2024 Friday

ആരോഗ്യവകുപ്പിന് എതിർപ്പ്; കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസ് ഉടന്‍ ഇല്ല

ckmnews


കോഴിക്കോട്: നാളെ മുതല്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വീസ് ഉടന്‍ ഉണ്ടാവില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. സമ്പര്‍ക്ക രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്.


പല ജില്ലാ ആസ്ഥാനങ്ങളും കണ്ടെയിന്‍മെന്റ് സോണാണ്. സംസ്ഥാനത്ത് നിലവില്‍ 498 ഹോട്ട്സ്പോട്ടുകളുണ്ട്. പല ജീവനക്കാരും രോഗികളായിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നല്‍കിയ മുന്നറിയിപ്പ് കൂടി കണക്കിലെടുത്താണ് തീരുമാനം മാറ്റേണ്ടി വന്നതെന്നും ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


കടുത്ത നിയന്ത്രണത്തിലേക്ക് പോവേണ്ട സാഹചര്യമാണുള്ളത്. പല ഡിപ്പോകളും പൂട്ടിയിട്ടുണ്ട്. ഹ്രസ്വദൂര സര്‍വീസുകള്‍ പോലും നടത്തണോയെന്ന് ആലോചിക്കേണ്ടി  വരുമെന്നും മന്ത്രി അറിയിച്ചു. 


206 ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ ആരംഭിക്കുമെന്നായിരുന്നു മന്ത്രി രാവിലെ അറിയിച്ചിരുന്നത്.