10 August 2020 Monday

കോവിഡ് പടയാളികൾക്ക് ബിരിയാണി നൽകി ബലിപെരുന്നാൾ ആഘോഷം

ckmnews



എടപ്പാൾ: കോവിഡ് പ്രതിരോധത്തിന്റെ കാവലാളുകൾക്ക് ഭക്ഷണമെത്തിച്ച് സന്നദ്ധ സംഘടനയുടെ പെരുന്നാൾ ആഘോഷം.കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയാൻ സക്രിയരായി സർവത്യാഗം ചെയ്യുന്ന പൊലീസ്, 

പഞ്ചായത്ത് അധികൃതർ, 

ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്കാണ് നടുവട്ടത്തെ 'നന്മ' പബ്ളിക് സർവീസ് സെൻറർ പ്രവർത്തകർ ഇന്ന് (ജൂലൈ 31 വെള്ളി) ഉച്ചഭക്ഷണമെത്തിച്ചത്.കുടുംബത്തോടൊപ്പം കൂടാനാകാതെയും സുഖങ്ങൾ ത്യജിച്ചും നാടിന്റെ സുരക്ഷക്ക് വേണ്ടി പോരാടുന്ന 

ഇവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബലിപെരുന്നാൾ സുദിനത്തിൽ ബിരിയാണി നൽകി സൽക്കരിക്കുകയായിരുന്നു, ജീവകാരുണ്യ രംഗത്ത് ഒട്ടേറെ കാര്യങ്ങൾ ചെയ്തു വരുന്ന നടുവട്ടത്തെ 'നന്മ' സംഘം.ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ, ആലങ്കോട്, വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, വട്ടംകുളം പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലാണ് പ്രത്യേകം പായ്ക്ക് ചെയ്ത് 'നന്മ' ഭക്ഷണമെത്തിച്ചത്.പ്രവർത്തനങ്ങൾക്ക് വാരിയത്ത് മുഹമ്മദലി, ടി ഇസ്മാഈൽ, സീ വീ ഇബ്രാഹീം മാസ്റ്റർ, അശ്ഫാഖ്, അൽത്വാഫ്, മുഹമ്മദ് സാരിയ, ശഫാഖ്, സഹൽ എന്നിവർ നേതൃത്വം നൽകി.

ckmnews