ആഫ്രിക്കന്‍ പന്നിപ്പനി: വയനാട്ടില്‍ ഇന്നുമുതല്‍ പന്നികളെ കൊന്നൊടുക്കും

ആഫ്രിക്കന്‍ പന്നിപ്പനി: വയനാട്ടില്‍ ഇന്നുമുതല്‍ പന്നികളെ കൊന്നൊടുക്കും
കല്‍പറ്റ: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പന്നികളെ ഞായറാഴ്ച മുതല്‍ കൊന്നുതുടങ്ങും. മാനന്തവാടി സബ്‌കളക്ടർ ആര്‍. ശ്രീലക്ഷ്മിയാണ് ഇക്കാര്യം അറിയിച്ചത്. പന്നികളെ കൊന്നൊടുക്കാന്‍ ഫാം ഉടമകള്‍ സമ്മതം നല്‍കിയതായി സബ്‌കളക്ടർ വ്യക്തമാക്കി. നഷ്ടപരിഹാരത്തിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും സബ്‌കളക്ടർ അറിയിച്ചു.
ദക്ഷിണേന്ത്യയില്‍ ആദ്യമായി വയനാട്ടിലാണ് ആഫിക്കന്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും വിദഗ്ധസംഘം പന്നിഫാം സന്ദര്‍ശിച്ച ശേഷം തവിഞ്ഞാലിലെ ഫാം ഉടമയുമായി സംസാരിച്ചതിനെ തുടര്‍ന്ന് ഉടമ ഇക്കാര്യത്തില്‍ പൂര്‍ണസഹകരണം അറിയിച്ചതായും കൊന്നൊടുക്കുന്ന പന്നികളുടെ തൂക്കത്തിനനുസരിച്ചുള്ള നഷ്ടപരിഹാരത്തുക കാലതാമസം കൂടാതെ വിതരണം ചെയ്യുമെന്നും സബ്‌കളക്ടർ പ്രതികരിച്ചു. അടിയന്തരമായി നഷ്ടപരിഹാരത്തുക ലഭ്യമാക്കണമെന്ന് ഫാം ഉടമയുടെ ആവശ്യം സബ്‌കളക്ടർ അംഗീകരിക്കുകയും സര്‍ക്കാരുമായി സംസാരിച്ച് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു,ദേശീയ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് നടപടികള്‍ സ്വീകരിക്കുന്നതെന്ന് രോഗം സ്ഥിരീകരിച്ച പന്നികളുള്ള ഫാം ഉടമയെ സബ്‌കളക്ടർ അറിയിച്ചു. ഇതനുസരിച്ച് ഞായറാഴ്ച മുതല്‍ തന്നെ പന്നികളെ കൊല്ലാനാരംഭിക്കും. മൃഗസംരക്ഷണവകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനാണ് ഇതിന്റെ ചുമതല. പന്നികളുടെ രക്തം പുറത്തുവരാത്ത രീതിയില്‍ ഷോക്കേല്‍പിച്ചായിരിക്കും പന്നികളെ കൊല്ലുക. അതിനുശേഷം ഫാം പരിസരത്ത് തന്നെ മറവുചെയ്യാനാണ് തീരുമാനം. മാനന്തവാടി സബ്‌കളക്ടർക്കാണ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല. നിലവില്‍ രോഗം സ്ഥിരീകരിച്ച ഫാമിലെ പന്നികളെ മാത്രമാണ് കൊന്നൊടുക്കുന്നത്. മറ്റൊരു ഫാമിലെ പന്നികള്‍ക്ക് നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നെങ്കിലും അവിടത്തെ പന്നികള്‍ മുഴുവന്‍ ചത്തിരുന്നു.