18 April 2024 Thursday

ചരിത്രം കുറിച്ച് നീരജ്; ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി

ckmnews

ചരിത്രം കുറിച്ച് നീരജ്; ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി


ന്യൂഡൽഹി: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്രക്ക് വെള്ളി. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടുന്നത്. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. 2003ൽ അഞ്ജു ബോബി ജോർജ് വെങ്കലം നേടിയതാണ് ചാമ്പ്യൻഷിപ്പി​ലെ ഇതിന് മുമ്പുള്ള ഇന്ത്യയുടെ മികച്ച നേട്ടം.


88.13 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് ഇന്ത്യയുടെ നീരജ് സ്വപ്നനേട്ടം കുറിച്ചത്. നാലാമത്തെ ശ്രമത്തിലായിരുന്നു നീരജി​ന്റെ നേട്ടം. 90.54 മീറ്റർ ദൂരം പിന്നിട്ട ആൻഡേഴ്സൺ പീറ്റേഴ്സിനാണ് മത്സരത്തിൽ സ്വർണം. ഫൈനലിൽ ആദ്യ ശ്രമം ഫൗളായാണ് നീരജ് തുടങ്ങിയത്. രണ്ടാം ശ്രമത്തിൽ 82.39 മീറ്റർ ദൂരം പിന്നിട്ടു. രണ്ട് ശ്രമങ്ങൾ പൂർത്തിയാവുമ്പോൾ നാലാം സ്ഥാനത്തായിരുന്നു നീരജ് ചോപ്ര.



മൂന്നാം ശ്രമത്തിൽ 86.37 മീറ്ററിലേക്ക് ത്രോയുടെ ദൂരം നീരജ് ഉയർത്തിയെങ്കിലും നാലാം സ്ഥാനത്ത് നിന്ന് മുന്നേറാനായില്ല. പിന്നീട് നാലാം ശ്രമത്തിൽ 88.13 മീറ്റർ ദൂരം കുറിച്ച് നീരജ് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. അഞ്ചാമത്തെ ത്രോ ഫൗളായതോടെ നീരജ് സ്വർണം നേടുമോ​യെന്നറിയാൻ എല്ലാ കണ്ണുകളും അദ്ദേഹത്തിന്റെ അവസാന ത്രോയിലേക്ക് നീണ്ടു. എന്നാൽ, ആറാം ത്രോയിൽ ഒന്നാം സ്ഥാനക്കാരനെ മറികടക്കാൻ നീരജിന് കഴിഞ്ഞില്ല. ഒടുവിൽ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ നിന്നും അഭിമാന വെള്ളിയുമായി നീരജ് മടങ്ങി.