23 March 2023 Thursday

പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി, വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; അപകടം അമ്മയുടെ മുന്നിൽവെച്ച്

ckmnews

കണ്ണൂർ: കണ്ണൂർ ട്രെയിൻ തട്ടിയുണ്ടായ അപകടത്തിൽ പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു. കക്കാട് ഭാരതിയ വിദ്യാഭവൻ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ നന്ദിത പി കിഷോർ (16) ആണ് മരിച്ചത്. അലവിൽ നിച്ചുവയൽ സ്വദേശിയാണ് നന്ദിത. ഇന്ന് രാവിലെ ചിറക്കൽ അർപ്പാംതോട് റെയിൽവേ ഗേറ്റിലാണ് അപകടം നടന്നത്. സ്കൂളിലേക്ക് പോകുന്നതിന് റെയിൽ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

രാവിലെ ഏഴരയോടെയാണ് ദാരുണ സംഭവുമുണ്ടായത്. അമ്മക്കൊപ്പമെത്തി കാറിൽ നിന്നും ഇറങ്ങി റെയിൽവേ ഗേറ്റിന് മറുവശത്ത് നിർത്തിയിട്ടിരുന്ന സ്കൂൾ ബസിലേക്ക് കയറാനായി ഓടിപ്പോകുന്നതിനിടെയാണ് ട്രെയിൽ തട്ടിയത്. വൈകിയോടുന്ന പരശുറാം എക്സ്പ്രസാണ് കുട്ടിയെ ഇടിച്ചത്. സാധാരണ അമ്മയാണ് കുട്ടിയെ സ്കൂളിലേക്ക് ബസ് കയറ്റി വിടുന്നതിന് വേണ്ടി കാറിൽ എത്തിച്ചിരുന്നത്. ഇന്ന് വൈകിയെത്തിയ  പരശുറാം എക്സ്പ്രസ് കടന്നുപോകുന്നതിന് വേണ്ടി റെയിൽവേ ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ഈ സമയത്ത് സ്കൂൾ ബസ് റെയിൽ വേ ഗേറ്റിന് മറുവശത്ത് വന്നു. ഇതോടെ കാറിൽ നിന്നിറങ്ങിയ കുട്ടി വേഗത്തിൽ പാളം മുറിച്ച് കടക്കുകയായിരുന്നു. തലയുടെ ഭാഗത്താണ് ട്രെയിൽ ഇടിച്ചത്.