24 April 2024 Wednesday

വിയ്യൂര്‍ വാഹനാപകടം: ഥാര്‍ ഡ്രൈവറെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

ckmnews

തൃശ്ശൂര്‍: കൊട്ടേക്കാട് രണ്ടു വാഹനങ്ങള്‍ മത്സര ഓട്ടം നടത്തി ടാക്സി കാറിലിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ഥാർ ജീപ്പ് ഡ്രൈവർ ഷെറിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഷെറിനൊപ്പം വാഹനത്തിനുണ്ടായിരുന്നത് പൊങ്ങണംകാട്, അന്തിക്കാട് സ്വദേശികളെന്ന് തിരിച്ചറിഞ്ഞു. ഥാറിനൊപ്പം മത്സരിച്ചോടിയ ബിഎംഡബ്ലിയു കാര്‍ കണ്ടെത്താനും നീക്കമാരംഭിച്ചു.  അതിനിടെ മദ്യപിച്ച് അപകടമുണ്ടാക്കും വിധം വാഹനമോടിച്ച ഥാര്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി മോട്ടോര്‍വാഹന വകുപ്പ് തുടങ്ങി. 


കൊട്ടേക്കാട് സെന്‍ററില്‍ ഇന്നലെ രാത്രി ഒൻപത് മണിയോടെ ബിഎംഡബ്ലിയു കാറിനോട് മത്സരിച്ചെത്തിയ ഥാര്‍ ജീപ്പ്  ടാക്സി യാത്രക്കാരന്‍റെ ജീവനെടുത്ത സംഭവത്തിലാണ് ഥാറിന്‍റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയത്. പ്രതി ഷെറിന്‍  മദ്യ ലഹരിയിലാണെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായിരുന്നു. മനപൂര്‍വ്വമായ നരഹത്യ, മദ്യ ലഹരിയില്‍ അപകടകരമായി വാഹനമോടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഷെറിനെതിരെ ചുമത്തിയിരിക്കുന്നത്. ഇരുവാഹനങ്ങളും അമിത വേഗതയിലായിരുന്നെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് പിന്നീട് കണ്ടെത്തി.