25 April 2024 Thursday

വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ 2 അധ്യാപകർ പിടിയിൽ

ckmnews

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച നടപടിയിൽ നിർണായക അറസ്റ്റുമായി പൊലീസ്. പരീക്ഷയുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന രണ്ട് അധ്യാപകരെയാണ് ഏറ്റവും ഒടുവിൽ അറസ്റ്റ് ചെയ്തത്. എൻ ടി എ ഒബ്സർവർ ഡോ. ഷംനാദ്, സെന്റർ കോ ഓഡിനേറ്റർ പ്രൊ. പ്രിജി കുര്യൻ ഐസക് എന്നിവരാണ് അറസ്റ്റിലായത്. അടിവസ്ത്രം അടക്കം പരിശോധിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയത് ഇവരാണെന്ന് പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാമത്തിലാണ് അധ്യാപകരെ അറസ്റ്റ് ചെയ്തത്. ആയൂർ മാർത്തോമ കോളജിലെ നീറ്റ് പരീക്ഷയുടെ ചുമതലക്കാരനും സഹ ചുമതലക്കാരനുമായിരുന്നു ഇവർ. 

കോളജ് അധികൃതർ ഉൾപ്പെടെയുള്ളവരെ അന്വേഷണസംഘം ചോദ്യം ചെയ്തു വരുകയാണ്. പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തവർ യഥാർത്ഥ കുറ്റവാളികൾ അല്ല എന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തത്. കോളജിലെയും സ്വകാര്യ ഏജൻസിയിലെയും ചില ജീവനക്കാർ പൊലീസ് നിരീക്ഷണത്തിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി നിയോഗിച്ച വസ്തുതാന്വേഷണ സമിതിയും ഉടൻ കേരളത്തിൽ എത്തും. അതേസമയം, പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മാർത്തോമാ കോളേജ് കനത്ത പൊലീസ് വലയത്തിലാണ്.