18 April 2024 Thursday

കെ.എസ്.എഫ്.ഇ.യിൽ 44 ലക്ഷത്തിന്റെ ചിട്ടിത്തട്ടിപ്പ്; മുൻ മാനേജർ അടക്കം രണ്ടുപേർ പിടിയിൽ

ckmnews

കൊണ്ടോട്ടി: വ്യാജ രേഖകൾ ഉപയോഗിച്ച് കെ.എസ്.എഫ്.ഇ. കൊണ്ടോട്ടി ശാഖയിൽ ലക്ഷങ്ങളുടെ ചിട്ടിത്തട്ടിപ്പ് നടത്തിയ കേസിൽ മുൻ മാനേജർ അടക്കം രണ്ടുപേർ പിടിയിൽ.


44 ലക്ഷത്തിലേറെ രൂപ തട്ടിയ കേസിൽ ബ്രാഞ്ച് മാനേജരായിരുന്ന കോഴിക്കോട് കൊമ്മേരി സ്വദേശി സൗപർണിക വീട്ടിൽ സന്തോഷ് (53), കോഴിക്കോട് കക്കോടി മോറിക്കര സ്വദേശി രയാസ് വീട്ടിൽ ജയജിത്ത് (42) എന്നിവരെയാണ് പ്രത്യേകാന്വേഷണസംഘം പിടികൂടിയത്.


2016-18 സാമ്പത്തികവർഷത്തിൽ സന്തോഷ് മാനേജരായിരുന്ന സമയത്താണ് തട്ടിപ്പ് നടന്നത്. സന്തോഷിന്റെ സഹായത്തോടെ ജയജിത്ത് ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പെടെ ഒട്ടേറെ ആളുകളുടെ പേരിൽ ചിട്ടിയിൽ ചേരുകയും വിളിച്ചെടുക്കുകയും ചെയ്തു. വിവിധ പേരിൽ വ്യാജ സാലറി സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാണ് പണം കൈപ്പറ്റിയത്.


ഈ സമയം ഇയാൾ അലനല്ലൂരിൽ സർക്കാർ ഹോസ്റ്റൽ വാർഡനായി ജോലി ചെയ്യുകയായിരുന്നു. ഇവിടത്തെ സീലുകളും മറ്റും ഉപയോഗിച്ചാണ് ഇയാൾ വ്യാജരേഖകൾ നിർമിച്ചത്.


പുതിയ മാനേജർ ചിട്ടിയുടെ തിരിച്ചടവ് മുടങ്ങിയത് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് നൽകിയ പരാതിയിലാണ് അറസ്റ്റ്. ഒരു വർഷത്തോളമായി രണ്ടുപേരും സസ്പെൻഷനിലാണ്. കെ.എസ്.എഫ്.ഇ.യുടെ മറ്റു ശാഖകളിലും ഇവർ സമാനരീതിയിൽ തട്ടിപ്പ് നടത്തിയതായി സൂചനയുണ്ട്.