28 March 2024 Thursday

ഡല്‍ഹിയില്‍ ഡീസലിന്റെ വാറ്റ് കുറച്ച് കെജ്‌രിവാള്‍; ലിറ്ററിന് 8 രൂപ കുറയും

ckmnews

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് ഡീസലിന്റെ മൂല്യവര്‍ധിത നികുതി (വാറ്റ്) വെട്ടിക്കുറച്ച് കെജ്‌രിവാള്‍ സര്‍ക്കാര്‍. ഇതോടെ ഡീസല്‍ വിലയില്‍ എട്ട് രൂപയുടെ കുറവുണ്ടാകും. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.' ഡീസലിന്റെ വാറ്റ് 30 ശതമാനത്തില്‍ നിന്ന് 16.75 ശതമാനമായി കുറയ്ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ഡല്‍ഹിയിലെ ഡീസലിന്റെ വില 82 രൂപയില്‍ നിന്ന് 73.64 രൂപയായി കുറയും. ലിറ്ററിന് 8.36 രൂപയുടെ കുറവുണ്ടാകും.' കെജ്‌രിവാള്‍ പറഞ്ഞു.ഡല്‍ഹിയുടെ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിരവധി നടപടികളിലൊന്നാണിത്. തൊഴിലന്വേഷകരേയും തൊഴിലുടമകളേയും ബന്ധിപ്പിക്കുന്നതിന് ഒരു പോര്‍ട്ടല്‍ ഈ ആഴ്ച ആദ്യം തുടങ്ങിയിരുന്നെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിന് വ്യവസായ ഗ്രൂപ്പുകളുമായും വിദഗ്ദ്ധരുമായും ഉള്ള വീഡിയോ കോണ്‍ഫറന്‍സ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ച്ചയായ വിലക്കയറ്റത്തിന് ശേഷം ഡല്‍ഹിയില്‍ ഡീസല്‍ വില എക്കാലത്തേയും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. ഡീസലിന്റെ വാറ്റ് ഡല്‍ഹി സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തുക കൂടി ചെയ്തതോടെ പെട്രോളിനേക്കാള്‍ ഉയര്‍ന്ന വിലയാണ് നിലവിലുണ്ടായിരുന്നത്.