19 April 2024 Friday

കൊല്ലത്തേത് കടുത്ത മനുഷ്യാവകാശ ലംഘനം; സ്വമേധയാ കേസെടുക്കുമെന്ന് വനിതാ കമ്മിഷന്‍

ckmnews

കൊല്ലം ആയൂര്‍ നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനികളെ കൊണ്ട് അടിവസ്ത്രം അഴിപ്പിച്ച് പരീക്ഷയെഴുതിച്ചതില്‍ പ്രതികരണവുമായി വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് വനിതാ കമ്മിഷന്‍ കാണുന്നതെന്ന് ഷാഹിദ കമാല്‍ പറഞ്ഞു. സംഭവത്തില്‍ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുമെന്നും വിദ്യാര്‍ത്ഥിനിക്ക് എല്ലാ നിയമസഹായവും മാനസിക പിന്തുണയും നല്‍കുമെന്നും ഷാഹിദ കമാല്‍  പറഞ്ഞു‘പുരോഗമനപരമായി ചിന്തിക്കുന്ന ഈ സംസ്ഥാനത്ത് ഏറ്റവും പ്രധാനപ്പെട്ട ഒരു പരീക്ഷാ നടത്തിപ്പിനിടെയാണ് ഈ ദുരനുഭവമുണ്ടായത്.

                                പരീക്ഷ എഴുതാനെത്തുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥികള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലാണ് . ആ സമ്മര്‍ദത്തിന്റെ ആഘാതം കൂട്ടുന്നതാണ് വസ്ത്രമഴിച്ചുള്ള പരിശോധന. മനുഷ്യാവകാശ ലംഘനവും മാനുഷിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതുമായ സംഭവമാണിത്. വിദ്യാര്‍ത്ഥിനികളുടെ അന്തസ്സിനെയും അഭിമാനത്തെയും ഹനിക്കുക കൂടിയാണ് ചെയ്തത്.ഒരുകാരണവശാലും നമ്മുടെ സംസ്ഥാനത്ത് ഇതനുവദിച്ച് കൊടുക്കില്ല. വനിതാ കമ്മിഷന്‍ സ്വമേധയാ വിഷയത്തില്‍ കേസെടുക്കും. പരാതിയുമായി രംഗത്തെത്തിയ വിദ്യാര്‍ത്ഥിനിക്ക് എല്ലാ വിധ നിയമ സഹായവും മാനസിക പിന്തുണയും നല്‍കാന്‍ കമ്മിഷന്‍ ഒപ്പമുണ്ടാകും’. ഷാഹിദ കമാല്‍ പ്രതികരിച്ചു.