20 April 2024 Saturday

വനത്തിനകത്ത് കിഴങ്ങുവർഗ്ഗങ്ങൾ ശേഖരിക്കുന്നതിനിടെ മുന്നിൽ ചാടിയത് കരടി; ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആക്രമണം; മധ്യവയസ്കന് പരിക്ക്..!

ckmnews

വനത്തിനകത്ത് കിഴങ്ങുവര്‍ഗ്ഗങ്ങള്‍ ശേഖരിക്കുന്നതിനിടെ മധ്യവയസ്കന് നേരെ കരടിയുടെ ആക്രമണം. പൂക്കോട്ടുംപാടം തേള്‍പ്പാറ ടി.കെ കോളനിയിലെ മൊരടന്‍ കുഞ്ഞനാണ് (56) പരിക്കേറ്റത്. തലക്കു പുറകില്‍ സാരമായ പരിക്കേറ്റ കുഞ്ഞനെ നിലമ്ബൂര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇന്ന് ഉച്ചയോടെ ആണ് സംഭവം. വള്ളിമാങ്ങയും കൂണും ശേഖരിക്കാനായാണ് ടി.കെ കോളനിക്ക് സമീപം വനാതിര്‍ത്തിയിലേക്ക് കുഞ്ഞന്‍ തനിച്ചായിരുന്നു പോയത്. ഇതിനിടയിൽ കരടിയുടെ മുന്നിൽപ്പെട്ടു. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇയാളെ കരടി മാന്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിനിടയിൽ കരടിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു ഓടി കോളനിയിൽ എത്തി. ഉടന്‍ തന്നെ കോളനി നിവാസികളും മറ്റും ചേര്‍ന്ന് ജില്ല ആശുപത്രിയിലെത്തിക്കുകയായിരുന്നു.


മുത്തേടം, കരുളായി, ടി.കെ കോളനി ഭാഗങ്ങളില്‍ നേരത്തെ തന്നെ കരടിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാട്ടാനകള്‍ ഉള്‍പ്പെടെ ഭീതി പരത്തുമ്പോഴാണ് കരടിയുടെ സാന്നിധ്യം കൂടി ഉണ്ടായിരിക്കുന്നത്. പുലിയുടെ ആക്രമണം ഉണ്ടായി എന്നാണ് ആദ്യം പറഞ്ഞു കേട്ടതെങ്കിലും കരടിയാണ് തന്നെ ആക്രമിച്ചതെന്ന് കുഞ്ഞന്‍ പറഞ്ഞതോടെയാണ് നാട്ടുകാർക്ക് ബോധ്യമായത്. ചക്കിക്കഴി വനം സ്റ്റേഷനിലെ വനപാലകരും മറ്റും കരടിയുടെ ആക്രമണമുണ്ടായ ടി.കെ കോളനിയില്‍ എത്തി.