23 April 2024 Tuesday

മണിചെയിന്‍ മാതൃകയില്‍ 100 കോടിയുടെ തട്ടിപ്പ്; മാസത്തില്‍ വലിയ തുക തിരിച്ചുകിട്ടുമെന്ന് വാഗ്ദാനം; വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേ കാളികാവ് സ്വദേശി അറസ്റ്റിൽ..!

ckmnews

കൂത്തുപറമ്പില്‍ മണിചെയിന്‍ മാതൃകയില്‍ തട്ടിപ്പ് നടത്തിയ ആളെ അറസ്റ്റുചെയ്തു. സംസ്ഥാനത്ത് പലയിടങ്ങളില്‍നിന്നായി 100 കോടിയോളം രൂപ തട്ടിപ്പ് നടത്തിയ കേസില്‍ കാളികാവ് സ്വദേശി മുഹമ്മദ് ഫൈസലിനെ (40) യാണ് കൂത്തുപറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി സ്ഥാപനങ്ങള്‍ ഉണ്ടെന്ന് കാണിച്ച്‌ മണി ചെയിന്‍ മാതൃകയില്‍ നിക്ഷേപം സ്വീകരിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് പോലീസ്.


പ്രിന്‍സസ് ഗോള്‍ഡ് ആന്റ് ഡയമണ്ട് എന്ന പേരില്‍ തായ്‌വാനിലും ബാങ്കോക്കിലും സ്ഥാപനങ്ങളുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ പ്രധാനമായും തട്ടിപ്പ് നടത്തിയത്. മൈ ക്ലബ് ട്രേഡേഴ്‌സ് എന്ന പേരില്‍ കോഴിക്കോട് ആസ്ഥാനമാക്കി ഒരു കമ്ബനിയുണ്ടെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നെങ്കിലും അന്വേഷണത്തില്‍ അങ്ങനെയൊരു കമ്പനി കണ്ടെത്താനായില്ലെന്ന് പോലീസ് പറയുന്നു.


മാസത്തില്‍ വലിയ തുക തിരിച്ചുകിട്ടുമെന്ന് പറഞ്ഞാണ് ഇയാള്‍ ആയിരക്കണക്കിന് പേരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചത്. വിവിധ ജില്ലകളില്‍ ഏജന്റുമാരെ ജോലിക്കുവച്ചാണ് ഇയാള്‍ നിക്ഷേപം സ്വീകരിച്ചിരുന്നത്. ആദ്യമാദ്യം പലര്‍ക്കും ചെറിയ തുക തിരിച്ചുനല്‍കിയിരുന്നു. എന്നാല്‍, പിന്നീട് പണമൊന്നും കിട്ടാതായപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി നിക്ഷേപകര്‍ക്ക് മനസ്സിലായത്.


കൂത്തുപറമ്പ് ഭാഗത്ത് മാത്രം നിരവധി പേരാണ് തട്ടിപ്പിനിരയായത്. ഇവര്‍ പോലീസില്‍ പരാതി നല്‍കിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഫൈസല്‍ നൂറുകോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി പോലീസിന് വ്യക്തമായത്. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവേ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് ഇയാള്‍ പോലീസിന്റെ പിടിയിലാവുന്നത്. കേസില്‍ ഈ കമ്പനിയുടെ 12 ഓളം ഡയറക്ടര്‍മാരും പ്രതികളാണ്. അസിസ്റ്റന്റ് പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച്‌ ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.