19 April 2024 Friday

മലപ്പുറം ജില്ല പ്രളയഭീതിയിൽ:ഇരുപതിലേറെ വീടുകൾ തകർന്നു മുപ്പതോളം കുടുംബങ്ങളെ മാറ്റി തീരപ്രദേശങ്ങളിൽ ജാഗ്രത

ckmnews

മലപ്പുറം ജില്ല പ്രളയഭീതിയിൽ:ഇരുപതിലേറെ വീടുകൾ തകർന്നു മുപ്പതോളം കുടുംബങ്ങളെ മാറ്റി തീരപ്രദേശങ്ങളിൽ ജാഗ്രത


മഴ കനത്ത് പുഴകളിലെ ജനലനിരപ്പ് ഉയരുകയും മലമ്പുഴ ഡാം തുറക്കുകയും ചെയ്തതോടെ മലപ്പുറം  ജില്ല പ്രളയഭീതിയിലായി.ശനിയാഴ്‌ച മാത്രം ഇരുപതോളം വീടുകൾക്ക് നാശംസംഭവിച്ചു. ഏതാനും സ്ഥലങ്ങളിൽ കിണറുകൾ താഴ്‌ന്നു. ദേശീയപാതയിൽ വെള്ളംകയറി. വിവിധ സ്ഥലങ്ങളിലായി മുപ്പതിലേറെ കുടുംബങ്ങളെ മാറ്റി.അപകടസാധ്യത മുന്നിൽക്കണ്ട് ജില്ലാ ആസ്ഥാനത്തും താലൂക്ക് ഓഫീസുകളിലും മുഴുവൻസമയവും കൺട്രോൾ റൂമുകൾ പ്രവർത്തിച്ചുതുടങ്ങി.ചാലിയാർ, കടലുണ്ടിപ്പുഴ, ഭാരതപ്പുഴ എന്നിവയിൽ ശക്തമായ നീരൊഴുക്ക് തുടരുകയാണ്.കൈവഴിപ്പുഴകളും തോടുകളും കുളങ്ങളും നിറഞ്ഞിട്ടുണ്ട്.ആളുകൾ ജലാശയങ്ങളിലേക്കു പോകുന്നത് തടഞ്ഞു.കുട്ടികളും നീന്തൽ അറിയാത്തവരും പുഴകളിലേക്കും വെള്ളക്കെട്ടുകളിലേക്കും പോകരുതെന്നും ദുരന്തനിവാരണ അതോറിറ്റി പ്രത്യേകം മുന്നറിയിപ്പുനൽകി.കാലവർഷം തുടങ്ങിയ ജൂൺ ഒന്നുമുതൽ മലപ്പുറം  ജില്ലയിൽ 870.4 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.സാധാരണയെക്കാൾ പത്തുശതമാനം കുറവാണ് ഇതെങ്കിലും വരുംദിവസങ്ങളിൽ ഈ കുറവു നികന്ന് മഴ കൂടുതലാകുമെന്നാണ് സൂചന.രണ്ടുദിവസത്തേക്കുകൂടി ജില്ലയിൽ മഞ്ഞ മുന്നറിയിപ്പാണ്. ദിവസം 25 മില്ലിമീറ്റർ വരെ മഴ പെയ്‌തേക്കും.