28 March 2024 Thursday

പാര്‍ലമെന്‍റിൽ വിലക്കുകൾ: സര്‍വ്വകക്ഷി യോഗത്തില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

ckmnews

ദില്ലി : പാര്‍ലമെന്‍റിലെ വിലക്ക് സര്‍വ്വകക്ഷി യോഗത്തില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. വാക്കുകളും, പരസ്യപ്രതിഷേധവും വിലക്കിയതിനൊപ്പം പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിക്കരുതെന്ന നിര്‍ദ്ദേശവും പ്രതിപക്ഷത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. നിലവിലുളള നടപടികളെ വക്രീകരിച്ച് പ്രതിപക്ഷം സ്വയം പ്രകോപിതരാകുകയാണെന്ന് ബിജെപി പരിഹസിച്ചു. 


മുന്നൂറിലധികം വാക്കുകള്‍ക്ക് വിലക്ക്, പാര്‍ലമന്‍റ് വളപ്പില്‍ പ്രതിഷേധം തടഞ്ഞുള്ള നിര്‍ദ്ദേശം, ഇതിനൊപ്പമാണ് ലഘുലേഖകള്‍, ചോദ്യാവലികള്‍, വാര്‍ത്താകുറിപ്പുകള്‍ എന്നിവ പാടില്ലെന്നും പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിക്കരുതെന്നുമുള്ള നിര്‍ദ്ദേശവും വന്നിരിക്കുന്നത്. അച്ചടിച്ചവ വിതരണം ചെയ്യണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണമെന്നും പാര്‍ലമെന്‍റ് ബുള്ളറ്റിനിലുണ്ട്. അച്ചടക്ക നടപടി കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി അടിക്കടി ബുള്ളറ്റിനുകള്‍ പുറത്തിറക്കി സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്‍റെ കുറ്റപ്പെടുത്തൽ. പ്രതിപക്ഷ വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കാണുന്ന പ്രധാനമന്ത്രിയാണ് നീക്കത്തിന് പിന്നിലെന്നും നേതാക്കള്‍ ആരോപിക്കുന്നു.