13 August 2020 Thursday

സംസ്ഥാനത്തിന് മാതൃകയായി സ്നേഹ ബെമ്മാടങ്ങള്‍ താമസക്കാര്‍ക്ക് സമ്മാനിച്ചു

ckmnews



പൊന്നാനി:പ്രളയക്കെടുതിയിൽ ഭവനരഹിതരായവരുടെ പുനരധിവാസത്തിന് സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന ‘സ്നേഹ ബൊമ്മാടങ്ങളിൽ പത്തു കുടുംബങ്ങൾ കുടിയിരുന്നു.പെരുമ്പടപ്പ് കുണ്ടുച്ചിറ പാലത്തിന് അടിയില്‍ പുറമ്പോക്കിൽ താമസിക്കുന്ന പത്ത് കുടുംബങ്ങൾക്കാണ് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ്റെ കാർമികത്വത്തിൽ പുതുഭവനങ്ങൾ കൈമാറിയത്.തൊട്ടടുത്തായി 6 കുടുംബങ്ങൾക്കു കൂടി ഭവനസമുച്ചയമുയരുന്നുണ്ട്.തീർത്തും സ്വകാര്യപങ്കാളിത്തത്തോടെയണ് സ്നേഹ ബൊമ്മാടം പദ്ധതിയുടെ നിർവ്വഹണം.ഒരു വീടിന് ആറ് ലക്ഷം രൂപയാണ് ചിലവ്.പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ കുണ്ടുച്ചിറ കനോലി കനാലിന്റെ ഇരുകരകളിലുമായി പുറമ്പോക്കിൽ താമസിക്കുന്ന  കുടുംബങ്ങളാണ് ഗുണഭോക്താക്കൾ.

നിയോജക മണ്ഡലത്തിൽ സ്വന്തമായി ഭൂമിയും രേഖകളുമൊന്നുമില്ലാത്ത പാർശ്വവത്കൃതർക്കാണ് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ സ്നേഹ ബൊമ്മാടം പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.ഇതിൻ്റെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ സ്ഥലം കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്.പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വ്യക്തി നൽകിയ സ്ഥലത്താണ് കളിയിൽ നാസറിൻ്റെയും അഭ്യുയതാംക്ഷികളുടെയും പിന്തുണയിൽ സ്നേഹ ബൊമ്മാടം ഒരുങ്ങിയത്.കൂടാതെ മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ കുണ്ടുകടവ് പാലത്തിനുസമീപം പുറമ്പോക്കിൽ താമസിക്കുന്ന 13 കുടുംബങ്ങൾക്ക് മാറഞ്ചേരി സ്വദേശി ഡോ. മുഹമ്മദ് ബിൻ അഹമ്മദ് മുക്കാലയിൽ മുപ്പതുസെൻറ് ഭൂമി സൗജന്യമായി നൽകിയിട്ടുണ്ട്. ഈ ഭൂമിയിലേക്ക് 13 കുടുംബങ്ങൾക്കും പദ്ധതിയുടെ ഭാഗമായി വീട് നിർമിച്ചുനൽകും. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട പൊന്നാനി നഗരസഭയിൽ 17 കുടുംബങ്ങളെ ഈ പദ്ധതിപ്രകാരം പുനരധിവസിപ്പിക്കും.

ckmnews