29 March 2024 Friday

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്:എടപ്പാൾ സ്വദേശിയായ പ്രധാന പ്രതികൾ ചങ്ങരംകുളം പോലീസിന്റെ പിടിയിൽ

ckmnews

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്:എടപ്പാൾ സ്വദേശിയായ പ്രധാന പ്രതികൾ ചങ്ങരംകുളം പോലീസിന്റെ പിടിയിൽ


ചങ്ങരംകുളം:റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതികളെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.എടപ്പാൾ വട്ടംകുളം സ്വദേശികളായ അശ്വതി വാര്യർ, മണുക്കപറമ്പ് ബാബു മോൻ എന്നിവരാണ് പിടിയിലായത്.സമാനമായ നിരവധി കേസുകളിൽ ഒളിവിൽ കഴിഞ്ഞ് വന്ന സംഘത്തെ

കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ നിന്ന് മുക്കം പോലീസാണ് കസ്റ്റഡിയിൽ എടുത്തത്.എടപ്പാൾ സ്വദേശിയുടെ പരാതിയിൽ പ്രതികളെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ വാങ്ങി വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തി.റെയിൽവേ ഉദ്യോഗസ്ഥ ചമഞ്ഞെത്തിയ അശ്വതി വാര്യരാണ് തട്ടിപ്പുസംഘത്തിന് നേതൃത്വം വഹിച്ചിരുന്നതെന്ന് അന്വേഷണ ഉദ്ധ്യോഗസ്ഥർ പറഞ്ഞു.എടപ്പാൾ സ്വദേശിയുടെ കയ്യിൽ നിന്നും ജോലി നൽകാമെന്ന് പറഞ്ഞു ഒന്നര ലക്ഷം രൂപയോളമാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത്.ഷിജു എന്നയാളാണ് തട്ടിപ്പിന് പ്രധാന ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നത്.എസ്.സി. മോർച്ച മുക്കം മണ്ഡലം പ്രസിഡന്റായിരുന്ന ഇയാൾ

ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം കൂടിയായ പി.കെ. കൃഷ്ണദാസിനൊപ്പം നിൽക്കുന്ന ഫോട്ടോ കാണിച്ചാണ് ആളുകളെ വിശ്വസത്തിലെടുത്ത് തട്ടിപ്പ് നടത്തി വന്നത്.ഇത് കൊണ്ട് തന്നെ പാർട്ടി കുടുംബാംഗങ്ങളാണ് കൂടുതലും സംഘത്തിന്റെ തട്ടിപ്പിന് ഇരയായത്.പ്രതികൾ പി.കെ. കൃഷ്ണദാസിന്റെ ഫോട്ടോ ദുരുപയോഗം ചെയ്തിരുന്നതായി പാർട്ടി പ്രാദേശിക നേതൃത്വം നേരത്തേ വ്യക്തമാക്കിയിരുന്നു.മലബാറിൽ മാത്രം അഞ്ഞൂറുപേരെങ്കിലും തട്ടിപ്പിനിരയായതായാണ് പോലീസിന്റെ നിഗമനം.റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇ - മെയിൽ ഉപയോഗിച്ചായിരുന്നു വൻതട്ടിപ്പ് തടത്തി വന്നത്.ചിലർക്ക് സതേൺ റെയിൽവേ ചെയർമാന്റെ പേരിൽ വ്യാജ നിയമന ഉത്തരവും നൽകിയിരുന്നു.കോവിഡ് കാലമായതിനാൽ വർക് ഫ്രം ഹോം എന്ന് പറഞ്ഞായിരുന്നു പലരെയും ജോലി ലഭിച്ചെന്ന് തെറ്റ് ധരിപ്പിച്ച് പണം തട്ടിയത്.പലർക്കും തുടക്കത്തിൽ 35,000 രൂപവരെ പ്രതിഫലം നൽകിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.പ്രതികളെ വട്ടംകുളത്തെ വീട്ടിൽ കൊണ്ട് പോയി തെളിവെടുപ്പ് നടത്തി.ചങ്ങരംകുളം സി ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ എസ് ഐ രാജേന്ദ്രൻ നായരാണ് കേസിന്റെ അന്വേഷണം നടത്തുന്നത്