19 April 2024 Friday

പ്രണയനൈരാശ്യം തിരൂരിൽ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യാ ശ്രമം 16 കാരിയെ ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി

ckmnews

പ്രണയനൈരാശ്യം തിരൂരിൽ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യാ ശ്രമം


16 കാരിയെ ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി



 ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യയ്ക്കൊരുങ്ങിയ പതിനാറുകാരിയെ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. റെയില്‍വേ സ്റ്റേഷനിലെ സി.സി ടി.വിയില്‍ അസ്വാഭാവിക രീതിയിൽ പെൺകുട്ടിയെ കണ്ടതാണ് വഴിത്തിരിവായത്.പെണ്‍കുട്ടിയുടെ നീക്കങ്ങൾ ശ്രദ്ധിച്ചതോടെ  ട്രെയിനിന് മുന്നില്‍ ചാടാന്‍ നില്‍ക്കുന്നത് കണ്ടു. ഉടൻ ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ ഓടിയെത്തി പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു.പെണ്‍കുട്ടി തിരൂർ സ്വദേശിയായ 23 കാരനുമായി പ്രണയത്തിലായതിനെ തുടര്‍ന്ന് ഒരുവര്‍ഷം മുമ്പ് വീട്ടുകാര്‍ ഇടപെട്ട് ഇവരുടെ നിക്കാഹ് നടത്തിയിരുന്നു. ഇതിനുശേഷം തന്നെ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞതിനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പെണ്‍കുട്ടി.വിവരം അറിയിച്ചതിനെ തുടർന്ന്  മലപ്പുറം ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. താനൂര്‍ പൊലീസ് സ്റ്റേഷനിലേക്കും​ ചൈല്‍ഡ് ലൈന്‍ പ്രൊഹിബിഷന്‍ ഓഫീസര്‍ക്കും മലപ്പുറം ചൈല്‍ഡ് ലൈന്‍ ഓഫീസര്‍  റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ തത്കാലം മലപ്പുറം സ്നേഹിതയിലേക്ക് മാറ്റി.അതേസമയം, പെണ്‍കുട്ടിയുടെയും യുവാവിന്റെയും വീട്ടുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ട് നല്‍കി. പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് പെണ്‍കുട്ടിയെ വിവാഹത്തിനു പ്രേരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുക്കുക. പ്രതിശ്രുത വരനെതിരെയും നടപടി വേണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.