19 April 2024 Friday

തൃശ്ശൂര്‍ വെറ്റിനറി സര്‍വ്വകലാശാലയിലെ തൊഴിലാളി സമരം ഒത്തുതീര്‍പ്പായി: മൃഗങ്ങളുടെ നരകയാതനയ്ക്ക് അവസാനം

ckmnews

തൃശ്ശൂര്‍: വെറ്റിനറി സര്‍വ്വകലാശാലാ മണ്ണൂത്തി ക്യാംപസില്‍ നാലു ദിവസമായി ഫാം തൊഴിലാളികള്‍ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. സര്‍വ്വകലാശാലാ രജിസ്ട്രാര്‍, ഡയറക്ടര്‍ ഓഫ് ഫാം എന്നിവരുടെ നേതൃത്വത്തില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍പ്പായത്.  പശുഫാമില്‍ നന്ന് പാലെടുക്കാന്‍ വിസമ്മതിച്ച ജീവനക്കാരനെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍  അതേ യൂണിറ്റിലെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതിനെതിരെയാണ്  150-ഓളം വരുന്ന ഫാം തൊഴിലാളികള്‍ പണിമുടക്കിയത്.  നടപടി നേരിട്ട ജീവനക്കാരനെ കന്നു പരിപാലന വിഭാഗത്തില്‍ നിന്ന് മാംസ സംസ്കരണ വിഭാഗത്തിലേക്ക് മാറ്റും.  തൊഴിലാളികള്‍ നാളെ മുതല്‍ ഫാമുകളില്‍ ജോലിക്ക് കയറും.  സമരത്തെ തുടര്‍ന്ന് എട്ടു ഫാമുകളിലെ മൃഗപരിപാലനം താളം തെറ്റിയിരുന്നു.


കഴിഞ്ഞ രണ്ടിന് പശുഫാമിലെത്തിയ തൊഴിലാളിയോട് പാലെടുത്തുവയ്ക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടത് നിരസിച്ചതോടെ അന്വേഷണം നടത്തി ഇയാളെ ഇതേ ഫാമിന്‍റെ മറ്റൊരു യൂണിറ്റിലേക്ക്  സ്ഥലം മാറ്റി. ഇതോടെ ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചു. പശുവും പന്നിയും ആടും കോഴിയും ഉള്‍പ്പടെ ഇരുപതിനായിരത്തോളം മൃഗങ്ങളാണ് ഫാമുകളിലുള്ളത്. മൃഗങ്ങള്‍ക്ക് തീറ്റ നല്‍കാതെ, പാല്‍ കറക്കാതെ, കൂടു വൃത്തിയാക്കാതെ തൊഴിലാളികള്‍ വിട്ടു നിന്നത് ഫാമിന്‍റെ പ്രവര്‍ത്തനം താളം തെറ്റിച്ചു