28 March 2024 Thursday

വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു, കോഴിക്കോട് ഒരു മരണം

ckmnews

കോഴിക്കോട്: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു. കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് മഴ ശക്തം. കോഴിക്കോട് മാവൂരിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു.  കോഴിക്കോട് മാവൂർ ചാലിപ്പാടത്താണ് തോണി മറിഞ്ഞ് മലപ്രം സ്വദേശി ഷാജു മരിച്ചു. സുഹൃത്തിനെ വീട്ടിൽ കൊണ്ടുവിടാൻ പോകും വഴിയായിരുന്നു അപകടം.  മാവൂരിൽ തന്നെ അർദ്ധരാത്രിയോടെ വെള്ളക്കെട്ടിൽ കാർ മറിഞ്ഞ് അപകടം ഉണ്ടായി. യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി. 


വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാൽ,  കക്കയം അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകളും തുറന്ന് വെള്ളം ഒഴുക്കി വിടുന്നുണ്ട്. കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ ഒരാഴ്ച മുമ്പ് കാണാതായ യുവാവിനായി നാവിക സേനയുൾപ്പെടെ തെരച്ചിൽ തുടരുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ തടസ്സമാകുകയാണ്.