24 April 2024 Wednesday

വേനൽ അവധിയും പെരുന്നാളും;നാട്ടിലെത്താനാവാതെ മലയാളി കുടുംബങ്ങൾ ഗൾഫ് വിമാനങ്ങളിലെ ടിക്കറ്റ് കൊള്ളയിൽ പൊലിഞ്ഞത് കുടുംബത്തോടൊപ്പം ചേരാനുള്ള പ്രവാസ സ്വപ്‌നങ്ങൾ

ckmnews

വേനൽ അവധിയും പെരുന്നാളും;നാട്ടിലെത്താനാവാതെ മലയാളി കുടുംബങ്ങൾ


ഗൾഫ് വിമാനങ്ങളിലെ ടിക്കറ്റ് കൊള്ളയിൽ പൊലിഞ്ഞത് കുടുംബത്തോടൊപ്പം ചേരാനുള്ള പ്രവാസ സ്വപ്‌നങ്ങൾ


വേനലവധിക്ക് സ്കൂൾ അടച്ചിട്ടും വിമാന ടിക്കറ്റ് നിരക്കിലെ കൊള്ള കാരണം ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരാനാവാതെ പ്രവാസി കുടുംബങ്ങൾ. നാലംഗ കുടുംബത്തിന് നാട്ടിലെത്താൻ ഒന്നര ലക്ഷം രൂപയോളം ചെലവാകും.തിരിച്ചുപോവുന്ന ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലും ഇതേ നിരക്ക് നൽകേണ്ടിവരും. വേനലവധിയും ബലിപെരുന്നാളും ഒരുമിച്ചു വന്നതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് നാലിരട്ടിയോളം വർദ്ധിപ്പിച്ചിട്ടുണ്ട്.പ്രവാസികൾ ഏറെയുള്ള സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നാണ് നിരക്ക് വർദ്ധന കൂടുതൽ. ദുബായിൽ നിന്ന് കേരളത്തിലേക്ക് 35,000 രൂപയ്ക്ക് മുകളിൽ നൽകണം. സാധാരണഗതിയിൽ 8,000ത്തിനും 10,000ത്തിനും ഇടയിൽ ടിക്കറ്റ് ലഭിക്കാറുണ്ട്. ജിദ്ദയിൽ നിന്ന് 40,000 രൂപയാണ് കുറഞ്ഞ നിരക്ക്. ഓഫ് സീസണിൽ 15,000 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കാറുണ്ട്.സീസൺ മുൻകൂട്ടി കണ്ട് ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ ടിക്കറ്റുകൾ വാങ്ങി പൂഴ്ത്തിവയ്ക്കുന്നതും തിരിച്ചടിയായി. സീസണുകളിൽ ഗൾഫ് സെക്ടറുകളിൽ കൂടുതൽ സർവീസുകൾ ലഭ്യമാക്കിയാലേ ടിക്കറ്റ് കൊള്ള കുറയ്ക്കാനാവൂ.ആസിയാൻ, സാർക്ക് രാജ്യങ്ങളിലേക്ക് ഇന്ത്യയിലെ 18 വിമാനത്താവളങ്ങളിൽ നിന്ന് പരിധിയില്ലാതെ സർവീസ് നടത്താം.കരിപ്പൂർ, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങൾ ഈ പട്ടികയിലുണ്ട്. ഗൾഫ് രാജ്യങ്ങളുമായും സമാനമായ കരാർ കേന്ദ്രസർക്കാർ ഉണ്ടാക്കണമെന്നാണ് പ്രവാസി സംഘടനകളുടെ ആവശ്യം.