25 April 2024 Thursday

കനൈന്‍ പാര്‍വോ വൈറസ് ബാധ; രോഗം ബാധിച്ചവയില്‍നിന്ന് മറ്റു നായ്ക്കളിലേക്ക്‌ വൈറസ്‌ പകരുന്നു; നിലമ്പൂരിൽ അടുത്ത ദിവസങ്ങളിലായി ചത്തത് എട്ട് തെരുവുനായ്ക്കള്‍..!

ckmnews

കനൈന്‍ പാര്‍വോ വൈറസ് ബാധ; രോഗം ബാധിച്ചവയില്‍നിന്ന് മറ്റു നായ്ക്കളിലേക്ക്‌ വൈറസ്‌ പകരുന്നു; നിലമ്പൂരിൽ അടുത്ത ദിവസങ്ങളിലായി ചത്തത് എട്ട് തെരുവുനായ്ക്കള്‍..!


നിലമ്പൂരില്‍ കനൈന്‍ പാര്‍വോ വൈറസ് ബാധ വ‍്യാപിക്കുന്നു. നിലമ്പൂര്‍ നഗരഭാഗങ്ങളില്‍ എട്ട് തെരുവുനായ്ക്കള്‍ അടുത്ത ദിവസങ്ങളിലായി ചത്തു. സാധാരണ വേനല്‍മഴ സമയത്ത് നായ്ക്കള്‍ക്ക്‌ രോഗം വരാറുണ്ടെങ്കിലും ഇത്തവണ മരണസംഖ‍്യ കൂടിവരുകയാണ്.


രോഗം ബാധിച്ചവയില്‍നിന്ന് മറ്റു നായ്ക്കളിലേക്ക്‌ വൈറസ്‌ പകരും. പനിയോടെയാണ് തുടക്കം. ഛര്‍ദി, വയറിളക്കം, രക്തം കലര്‍ന്ന വിസര്‍ജ്യം എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍. രോഗം ബാധിച്ച്‌ ആദ്യഘട്ടത്തില്‍തന്നെ ചികിത്സ തേടണം. വൈറസ് പെട്ടെന്ന് ഹൃദയത്തെ ബാധിക്കുന്നതിനാല്‍ മരണസാധ്യത കൂടുതലാണ്‌.


രോഗം ബാധിച്ചെത്തുന്ന നായ്ക്കള്‍ക്ക് നിര്‍ജലീകരണം തടയാന്‍ ഫ്ലൂയിഡ് നല്‍കും. ഛര്‍ദിയുടെ കാഠിന്യമനുസരിച്ച്‌ ഫ്ലൂയിഡിന്‍റെ അളവില്‍ വ്യത്യാസമുണ്ടാകും. ഒപ്പം ആന്‍റിബയോട്ടിക് മരുന്നുകള്‍ കുത്തിവെക്കും. മനുഷ്യരിലേക്ക്‌ രോഗം പകരില്ല.


പ്രതിരോധ കുത്തിവെപ്പെടുത്താല്‍ നൂറുശതമാനം രോഗം തടയാനാകുമെന്ന്‌ ഡോക്‌ടര്‍മാര്‍ പറയുന്നു. 35 ദിവസം പ്രായമുള്ളപ്പോള്‍ മുതല്‍ എല്ലാ വര്‍ഷവും കുത്തിവെപ്പെടുക്കണം. 600 -700 രൂപയാണ്‌ മരുന്നിന്‍റെ വില. നായ്ക്കളെ പ്രത്യേകം പാര്‍പ്പിച്ചാലും വിസര്‍ജ്യത്തിലൂടെ പുറത്തുവരുന്ന വൈറസ് ഈച്ച വഴിയും മറ്റും രോഗം പടരാന്‍ സാധ്യതയുണ്ട്‌. രോഗം ബാധിച്ചു കഴിഞ്ഞാല്‍ രക്ഷപ്പെടുത്തുക പ്രയാസകരമാണ്.


നിലമ്പൂരില്‍ കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ എട്ട് കേസുകളാണ് എമര്‍ജന്‍സി റെസ്ക്യു ഫോഴ്സിനെ തേടിയെത്തിയത്. തെരുവുനായ്ക്കളില്‍ രോഗം വ്യാപകമായതോടെ വളര്‍ത്തുനായ്ക്കളിലും രോഗം വ‍്യാപിക്കുമെന്ന ആശങ്കയുണ്ട്. വളര്‍ത്തുനായ്ക്കള്‍ക്ക് കുത്തിവെപ്പ് ആവശ‍്യമുള്ളവര്‍ മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ടാല്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.