19 April 2024 Friday

ആനത്താവളത്തിലെ ഗജകേസരികള്‍ക്ക് സുഖചികിത്സ തുടങ്ങി

ckmnews


കുന്നംകുളം:ഗുരുവായൂര്‍ ആനത്താവളത്തിലെ ഗജകേസരികള്‍ക്ക് സുഖചികിത്സ തുടങ്ങി. ഇനിയുള്ള ഒരു മാസക്കാലം സുഖസമൃദ്ധിയുടെ നാളുകളാണ്. ആനത്താവളത്തിലെ ഗജറാണി നന്ദിനിയ്ക്ക് ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ ആദ്യ ഔഷധ ഉരുള നല്‍കിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. നൂറുകണക്കിന് ആനപ്രേമികള്‍ പങ്കെടുത്ത ചടങ്ങ് ആനത്താവളത്തിലെത്തിയവര്‍ക്ക് പുത്തന്‍ അനുഭൂതിയായി. അഞ്ച് പിടിയാനയും രണ്ട് മോഴയുമുള്‍പ്പടെ 30 ആനകള്‍ക്കാണ് സുഖചികിത്സ നല്‍കുന്നത്. 14 കൊമ്പന്‍മാരെ നീരില്‍ തളച്ചിരിക്കുകയാണ്. ഈ ആനകള്‍ക്ക് നീരില്‍നിന്ന് അഴിച്ചശേഷം സുഖചികിത്സ നല്‍കും. ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായി വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഗുരുവായൂര്‍ ദേവസ്വം സുഖചികിത്സക്ക് തുടക്കമിട്ടത്. തേച്ചുകുളിപ്പിച്ച് വരിയായി നിറുത്തുന്ന ആനകള്‍ക്ക് ആയുര്‍വേദ, അലോപ്പതി മരുന്നുകള്‍ അടങ്ങിയ ചോറൂരുളയാണ് സുഖചികില്‍സ സമയത്ത് നല്‍കുന്നത്. ഇതുവഴി ആനകളുടെ ആരോഗ്യ സംരക്ഷണവും ശരീരപുഷ്ടിയുമാണ് ദേവസ്വം ലക്ഷ്യമിടുന്നത്. 3960കിലോ അരി, 1320 കിലോ വീതം ചെറുപയര്‍, മുതിര, റാഗി, 132കിലോ അഷ്ടചൂര്‍ണ്ണം, 330കിലോ ച്യവനപ്രാശം, 132കിലോ മഞ്ഞള്‍ പൊടി, അയേണ്‍ ടോണിക്ക്,ധാതുലവണങ്ങള്‍ തുടങ്ങിയവയാണ് നല്‍കുന്നത്. ഇതിനായി 14 ലക്ഷം രൂപയാണ് ദേവസ്വം ചിലവിടുന്നത്. ആന ചികിത്സാ വിദഗ്ദ്ധരായ പി.ബി. ഗിരിദാസ്, കെ. വിവേക്, ടി.എസ്. രാജീവ്, എം.എന്‍. ദേവന്‍ നമ്പൂതിരി, ചാരുജിത് നാരായണന്‍ തുടങ്ങിയവരാണ് ചികിത്സക്ക് നേതൃത്വം നല്‍കുന്നത്. വിര ഗുളിക നല്‍കിയ ശേഷം ആനകളുടെ തൂക്കത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്നുകളുടെ അളവ് നിശ്ചയിക്കുന്നത്.എന്‍.കെ.അക്ബര്‍ എം.എല്‍.എ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, അഡ്വ.കെ.വി.മോഹനകൃഷ്ണന്‍, ചെങ്ങറ സുരേന്ദ്രന്‍, കെ.ആര്‍. ഗോപിനാഥ്, മനോജ് ബി.നായര്‍,ജീവധനം ഡെപ്യുട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ഇന്‍ ചാര്‍ജ്ജ് പ്രമോദ് കളരിയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സുഖ ചികിത്സ ജൂലൈ 30 സമാപിക്കും