23 March 2023 Thursday

ഒരു സ്കൂട്ടറിൽ 5 കോളജ് വിദ്യാർഥികളുടെ അഭ്യാസ പ്രകടനം; പ്രതിജ്ഞ ചൊല്ലിച്ചു, ശിക്ഷ ആശുപത്രിയിൽ സേവനം

ckmnews

ഒരു സ്കൂട്ടറിൽ 5 കോളജ് വിദ്യാർഥികളുടെ അഭ്യാസ പ്രകടനം; പ്രതിജ്ഞ ചൊല്ലിച്ചു, ശിക്ഷ ആശുപത്രിയിൽ സേവനം


ചെറുതോണി ∙ ഒരു സ്കൂട്ടറിൽ 5 കോളജ് വിദ്യാർഥികൾ നടത്തിയ അഭ്യാസപ്രകടനത്തിനു ശിക്ഷ 2 ദിവസത്തെ സാമൂഹിക സേവനം. ഇതിനു പുറമേ സ്കൂട്ടർ ഓടിച്ച വിദ്യാർഥിയുടെ ലൈസൻസ് 3 മാസത്തേക്ക് ഇടുക്കി ആർടിഒ ആർ.രമണൻ റദ്ദ് ചെയ്തു. 2,000 രൂപ പിഴയുമീടാക്കി. 2, 3 തീയതികളിൽ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ സഹായിക്കാനാണ് ആർടിഒ നിർദേശിച്ചിരിക്കുന്നത്.


ആശുപത്രി സൂപ്രണ്ടിനു കൈമാറാനുള്ള കത്തും വിദ്യാർഥികളെ ഏൽപിച്ചു. ആശുപത്രി സൂപ്രണ്ട് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി അവസാനിപ്പിക്കുമെന്ന് ആർടിഒ അറിയിച്ചു.കഴിഞ്ഞ വെള്ളിയാഴ്ച മുരിക്കാശേരിയിലായിരുന്നു അപകടകരമായ സ്കൂട്ടർ സവാരി. ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ ആർടിഒയുടെ നേതൃത്വത്തിൽ അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സോണി ജോൺ, നെബു ജോൺ എന്നിവർ അന്വേഷണം നടത്തി സ്കൂട്ടർ കണ്ടെത്തി.



സ്കൂട്ടറിൽ സഞ്ചരിച്ച കോളജ് വിദ്യാർഥികളായ അഖിൽ ബാബു, ആൽബിൻ ഷാജി, ജോയൽ വി.ജോമോൻ, ആൽബിൻ ആന്റണി, എജിൻ ജോസഫ് എന്നിവരെ മാതാപിതാക്കളോടൊപ്പം ഇടുക്കി ആർടിഒ ഓഫിസിലേക്ക് വിളിച്ചു വരുത്തി. ഇനി മേലിൽ കുറ്റം ചെയ്യുകയില്ലെന്നു മാതാപിതാക്കളുടെ മുന്നിൽ വച്ച് പ്രതിജ്ഞ ചൊല്ലിച്ച ശേഷമാണു വിദ്യാർഥികളെ പറഞ്ഞയച്ചത്.