29 March 2024 Friday

ഇന്ത്യയില്‍ നിന്ന് ദുബായിലെത്തുന്നവര്‍ക്ക് 'ഡബിള്‍ ചെക്ക്'; രണ്ട് തവണ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി അധികൃതര്‍

ckmnews

ദുബായ്: ഇന്ത്യയുള്‍പ്പെടെ 29 രാജ്യങ്ങളില്‍ നിന്ന് ദുബായിലെത്തുന്നവര്‍ക്ക് രണ്ട് തവണ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. ഓഗസ്റ്റ് ഒന്നു മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ദുബായിലെത്തുന്നവര്‍ ദുബായ് വിമാനത്താവളത്തില്‍ പിസിആര്‍ ടെസ്റ്റിന് കൂടി വിധേയമാകണമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. 

ഇത്തരത്തില്‍ രണ്ട് തവണ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയ 29 രാജ്യങ്ങളുടെ പട്ടിക എയര്‍ലൈന്‍ പുറത്തുവിട്ടു. ഈ രാജ്യങ്ങളില്‍ നിന്ന് ദുബായിലെത്തുന്നവര്‍ ദുബായ് വിമാനത്താവളത്തിലെത്തുമ്പോള്‍ പിസിആര്‍ പരിശോധന കൂടി നടത്തണമെന്ന് എയര്‍ലൈന്‍ അധികൃതരെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. യാത്ര പുറപ്പെടുന്നതിന് മുമ്പ് അതത് രാജ്യങ്ങളിലെ അംഗീകൃത ലബോറട്ടറികളില്‍ നിന്ന് കൊവിഡ് പരിശോധന നടത്തിയതിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് പുറമെയാണിത്. ഇന്ത്യ, ബ്രസീല്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, പാകിസ്ഥാന്‍, നൈജീരിയ, ഇറാഖ്, ഈജിപ്ത് ഉള്‍പ്പെടെയുള്ള 29 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. 

ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ പിസിആര്‍ ടെസ്റ്റിന് വിധേയമാകണം. എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന യുഎഇ പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും പിസിആര്‍ പരിശോധന ആവശ്യമില്ലെന്നും എമിറേറ്റ്‌സ് അധികൃതര്‍ വ്യക്തമാക്കി.