29 March 2024 Friday

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി

ckmnews


തിരുവനന്തപുരം:കോഴിക്കോട് സ്വദേശി മുഹമ്മദ് (62 കൂടി മരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് മരിച്ചവരുടെ എണ്ണം 11 ആയി.തൃശൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായാണ് നേരത്തെ 10 മരണം റിപ്പോര്‍ട്ട് ചെയ്തത്.അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചതു മരണശേഷമാണ്.വെള്ളിയാഴ്ച മരിച്ച ആലപ്പുഴ കോടംതുരുത്ത് സ്വദേശി ശാരദ (78)യുടെ പരിശോധന ഫലം പോസിറ്റീവ് ആയി. ശാരദയുടെ മകനും മരുമകളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചു. ശാരദയുടെ മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ മരിച്ച ആലപ്പുഴ കുത്തിയതോട് സ്വദേശി പുഷ്കരിക്കും കോവിഡ് സ്ഥിരീകരിച്ചു. 80 വയസ്സുള്ള പുഷ്കരിയുടെ മകനും നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. 


തൃശൂർ ഇരിങ്ങാലക്കുട സ്വദേശി വര്‍ഗീസ്(71) തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരിച്ച തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഖാദറിന്‍റെ (71) രോഗബാധയുടെ ഉറവിടം വ്യക്തമല്ല. രോഗ ലക്ഷണങ്ങളോടെ 18ന് മെഡിക്കൽ കോളജിൽ പ്രവേശിച്ച അബ്ദുൽ ഖാദറിന് 19നാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നു പ്ലാസ്മാ തെറാപ്പിക്കു വിധേനാക്കി. ആരോഗ്യനില വഷളായതിനെത്തുടർന്നു 21ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.