16 April 2024 Tuesday

സാഹിത്യകാരൻ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു

ckmnews

സാഹിത്യകാരൻ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു


ഗുരുവായൂർ:ഭക്തിഗാനങ്ങൾകൊണ്ട് ആസ്വാദകലോകത്തെ തഴുകിയ എഴുത്തുകാരനും പത്രപ്രവർത്തകനുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (86) അന്തരിച്ചു. ഞായറാഴ്ച രാത്രി പത്തേമുക്കാലോടെ തൃശ്ശൂർ അമല ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു. ഗുരുവായൂർ, ചൊവ്വല്ലൂർ ക്ഷേത്രങ്ങളിലെ പാരമ്പര്യ കഴകപ്രവൃത്തിയുള്ള ഗുരുവായൂർ ചൊവ്വല്ലൂർ വാരിയത്ത് കുടുംബാംഗമാണ്.



ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നടൻ, ഹാസസാഹിത്യകാരൻ, നാടകകൃത്ത്, കലാനിരൂപകൻ എന്നിങ്ങനെ സാഹിത്യലോകത്ത് തന്റേതായ വ്യക്തിമുദ്രചാർത്തിയ പ്രതിഭയായിരുന്നു ചൊവ്വല്ലൂർ. 1936-ൽ കൊടുങ്ങല്ലൂർ കാവിൽ വാരിയത്ത് ശങ്കുണ്ണിവാര്യരുടെയും ചൊവ്വല്ലൂർ വാരിയത്ത് പാറുക്കുട്ടി വാരസ്യാരുടെയും മകനായി ജനിച്ചു. ഭാര്യ: തൃശ്ശിലേരി വാരിയത്ത് സരസ്വതി. മക്കൾ: ഉഷ, ഉണ്ണികൃഷ്ണൻ (ഇരുവരും ലണ്ടൻ).


മരുമക്കൾ: പരേതനായ സുരേഷ് ചെറുശ്ശേരി, ഗീത (ലണ്ടൻ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ.


ഒരുനേരമെങ്കിലും കാണാതെവയ്യെന്റെ...', 'ഒരുവട്ടം തൊഴുതുമടങ്ങുമ്പോൾ തോന്നും...', 'ഗുരുവായൂരോമനക്കണ്ണനാമുണ്ണിക്ക്...' തുടങ്ങിയ ഗുരുവായൂരപ്പഭക്തിഗാനങ്ങളും 'ഉദിച്ചുയർന്നൂ മാമലമേലേ...', 'ആനയിറങ്ങും മാമലയിൽ...' തുടങ്ങിയ അയ്യപ്പഭക്തിഗാനങ്ങളുമടക്കം 3500-ൽ ഏറെ പാട്ടുകളെഴുതി.


പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയ 'നവജീവൻ' ദിനപത്രത്തിലൂടെയാണ് പത്രപ്രവർത്തനത്തിന് തുടക്കമിട്ടത്. പിന്നീട് കോഴിക്കോട് ആകാശവാണിയിൽ ഉറൂബിന്റെ കീഴിൽ സ്റ്റാഫ് ആർട്ടിസ്റ്റായി. 1966-ൽ മലയാള മനോരമയിൽ ചേർന്ന അദ്ദേഹം അസിസ്റ്റന്റ് എഡിറ്ററായി വിരമിച്ചു. കേരള കലാമണ്ഡലം വൈസ് ചെയർമാൻ, സാഹിത്യ - സംഗീത അക്കാദമികളിൽ അംഗം, ഗുരുവായൂർ ദേവസ്വം ഭക്തപ്രിയ പത്രാധിപസമിതിയംഗം എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു.



കവിത, നോവൽ, ചെറുകഥ, വിവർത്തനം, നർമലേഖനം എന്നീ വിഭാഗങ്ങളിലായി മുപ്പതോളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


സാഹിത്യ അക്കാദമി പുരസ്കാരം, കേരള കലാമണ്ഡലത്തിന്റെ മുകുന്ദരാജ സ്മൃതി പുരസ്കാരം, ഗുരുവായൂർ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം, കോഴിക്കോട് തളി രേവതി പട്ടത്താനം പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾക്ക് അർഹനായി.


മധു സംവിധാനം ചെയ്ത 'പ്രഭാതസന്ധ്യ' എന്ന സിനിമയ്ക്കാണ് ആദ്യം തിരക്കഥയെഴുതിയത്. സംവിധായകൻ ഹരിഹരന്റെ 'സർഗം' സിനിമയ്ക്ക് സംഭാഷണമെഴുതി. 'തുലാവർഷം' എന്ന സിനിമയ്ക്കുവേണ്ടി സലീൽ ചൗധരി ഈണമിട്ട 'സ്വപ്നാടനം ഞാൻ തുടരുന്നു...' എന്നത് ചൊവ്വല്ലൂരിന്റെ ഹിറ്റ് ഗാനങ്ങളിൽ ഒന്നാണ്.