ബഫര്‍ സോണ്‍:രാഹുലിന്റെ കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു; കത്ത് പുറത്ത്

ബഫര്‍ സോണ്‍:രാഹുലിന്റെ കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു; കത്ത് പുറത്ത്
ന്യൂഡൽഹി∙ ബഫര്‍ സോണ്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള രാഹുല്‍ഗാന്ധിയുടെ കത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരുന്നു. വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും വരുന്ന പാർലമെന്റ് സമ്മേളനത്തിൽ വിഷയം ഉയർത്തണമെന്ന് അഭ്യർഥിക്കുന്നതായും മുഖ്യമന്ത്രി കത്തിൽ പറയുന്നു. ജൂണ്‍ എട്ടിന് അയച്ച കത്തിന് കഴിഞ്ഞ വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ബഫർസോണ്‍ വിഷയത്തില്‍ എംപി ഇടപെടുന്നില്ല എന്നാരോപിച്ചാണ് എസ്എഫ്ഐ പ്രവർത്തകർ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകര്‍ത്തത്. എന്നാൽ എസ്എഫ്ഐയുടെ ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.
ജൂണ്‍ മൂന്നിനാണ് വനത്തിന് ചുറ്റും ജനവാസ മേഖലയടക്കം ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയായി വിജ്ഞാപനം ചെയ്യണം എന്ന സുപ്രീംകോടതി ഉത്തരവുണ്ടായത്. ജൂണ്‍ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ബഫര്‍ സോണ്‍ ഉത്തരവ് വയനാട്ടിലെ ജനങ്ങള്‍ക്കുണ്ടാക്കുന്ന ആശങ്ക എംപി ചൂണ്ടിക്കാട്ടുന്നു. എത്രയും പെട്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഉന്നതാധികാരസമിതിയെയും വനംപരിസ്ഥിതി മന്ത്രാലയത്തെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം എന്ന് രാഹുൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു. വേണമെങ്കിൽ കേന്ദ്രസർക്കാരുമായി നേരിട്ട് ചർച്ച നടത്തണമെന്നും രാഹുൽ കത്തിൽ പറയുന്നുണ്ട്. ഇതിനാണ് കഴിഞ്ഞ വ്യാഴാഴ്ച മുഖ്യമന്ത്രി മറുപടി നൽകിയത്. എംപി അയച്ച കത്തിനെ ഗൗരവത്തോടെ കാണുന്നു. സംസ്ഥാന സർക്കാരിന് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യാം എന്ന് മുഖ്യമന്ത്രി പറയുന്നുണ്ട്.