29 March 2024 Friday

പ്രതിയുടെ ഫോണില്‍ നിന്ന് സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശം; പത്തനംതിട്ടയില്‍ പൊലീസുകാരന് സസ്പെൻഷൻ

ckmnews

പത്തനംതിട്ടയിൽ സ്രത്രീകളെ ശല്യം ചെയ്തെന്ന പരാതിയിൽ പൊലീസുകാരന് സസ്പെൻഷൻ. പത്തനംതിട്ട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എസ് അഭിലാഷിനെതിരെയാണ് നടപടി. കസ്റ്റഡിയിലെടുത്ത പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് പെൺകുട്ടികളുടെ നന്പരെടുത്താണ് പൊലീസുകാരൻ അശ്ലീല സന്ദേശം അയച്ചത്.

കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധ്കർ മഹാജന്റെ നടപടി. കഴിഞ്ഞ ദിവസം പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സാന്പത്തിക ക്രമക്കേട് കേസിലെ പ്രതിയുടെ ഫോണാണ് പൊലീസുകരാൻ ദുരുപയോഗം ചെയ്തത്. 

പ്രതിയുടെ ഫോൺ പരിശോധിക്കുന്നതിനിടയിലാണ് പൊലീസുകരാൻ അയാളുടെ സ്വകാര്യ വാട്സആപ്പ് സന്ദേശങ്ങളും പെൺസുഹൃത്ത് അയച്ച ഫോട്ടോസും ദൃശ്യങ്ങളും സ്വന്തം ഫോണിലേക്ക് മാറ്റിയത്. ഈ ഫോട്ടോസും ദൃശ്യങ്ങളും യുവതിക്ക് അയച്ചു കൊടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയതു. കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയുടെ ഫോണിൽ നിന്ന് പൊലീസുകാരൻ യുവതിയെ വീഡിയോ കോൾ വിളിക്കുകയും ചെയ്തു. 

മറ്റ് ചില സ്ത്രീകളോടും സമാന രീതിയിൽ പൊലീസ്കാരൻ പെരുമാറിയെന്നും പരാതിയിലുണ്ട്. ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി നടതതിയ അന്വേഷണത്തിൽ പൊലീസുകാരൻ അഭിലാഷിന്റെ ഫോൺ പിടിച്ചെടുത്തിരുന്നു.  സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ പൊലീസുകാരനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ ശരിയാണെന്നും കണ്ടെത്തി. സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അതിവേഗത്തിൽ സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്. കേസിൽ സമഗ്രമായ അന്വേഷണത്തിനും ജില്ലാ പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്