08 December 2022 Thursday

പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന് 5.17 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകി

ckmnews

പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന് 5.17 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകി 


എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്‍റെ 2022-23 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിക്ക് അന്തിമ രൂപമായി. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വികസന സെമിനാറില്‍ 5.17 കോടിയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി.ഭവനമേഖലയില്‍ 81.76 ലക്ഷം രൂപയുടെയും കാര്‍ഷിക മേഖലയില്‍ 64 ലക്ഷം രൂപയുടെയും വിദ്യാഭ്യാസ മേഖലയില്‍ 52.25 ലക്ഷം രൂപയുടെയും ആരോഗ്യമേഖലയില്‍ 32.95 ലക്ഷം രൂപയുടെയും പദ്ധതികള്‍ക്കാണ് രൂപം നല്‍കിയത്. യുവാക്കളെ തൊഴില്‍സംരംഭങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന് 24 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കും രൂപം നല്‍കി. ഇതില്‍ 1.4 കോടി രൂപ പട്ടികജാതി വികസന പദ്ധതികളാണ്. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതപഠന സഹായത്തിനായി 10 ലക്ഷം രൂപയുടെയും പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി നിര്‍മിക്കുന്നതിന് 28 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മിനി കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിക്കുന്നതിന് 27.58 ലക്ഷം രൂപയും വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപയും വകയിരുത്തി.വികസന സെമിനാര്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.പി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ സി.വി സുബൈദ, അസ്ലം തിരുത്തി, അബ്ദുല്‍ മജീദ്, സി.പി നസീറ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കരട് പദ്ധതി അവതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആര്‍. ഗായത്രി നിര്‍വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.ആര്‍ രാജീവ് സ്വാഗതവും ടി.പി ശശികുമാര്‍ നന്ദിയും പറഞ്ഞു.

ckmnews