19 April 2024 Friday

നടൻ വിജയ് ബാബുവിന് മുൻകൂർ ജാമ്യം;അതിജീവിതയെ അപമാനിക്കരുതെന്ന് കോടതി

ckmnews



കൊച്ചി:പുതുമുഖ നടിയെ ലൈംഗികമായി പീ‍ഡിപ്പിച്ചെന്ന കേസിൽ നിർമാതാവ് വിജയ് ബാബുവിനു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അഞ്ചുലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, സംസ്ഥാനം വിട്ടുപോകരുത്,  27 മുതൽ അടുത്ത മാസം 3 വരെ ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോസ്ഥരുടെ മുൻപാകെ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും കോടതി നിർദേശിച്ചു. സമൂഹമാധ്യമങ്ങളിലൂടെ അതിജീവിതയെയോ കുടുംബത്തെയോ അപമാനിക്കരുതെന്നും വിജയ് ബാബുവിനോട് കോടതി നിർദേശിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്.


ഉഭയസമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും ബ്ലാക്മെയിലിങ്ങിന്റെ ഭാഗമായാണ് പരാതി നൽകിയിരിക്കുന്നത് എന്നുമായിരുന്നു കേസിൽ വിജയ് ബാബുവിന്റെ വാദം. സിനിമയിൽ അവസരം നൽകാതിരുന്നതാണ് പ്രതികാരനടപടിക്കു കാരണമായത്. കോടതിയുടെ നിർദേശം അനുസരിച്ചു വിദേശത്തു നിന്നു വന്നെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അതുകൊണ്ടു തന്നെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നായിരുന്നു വിജയ് ബാബു കോടതിയിൽ വാദിച്ചത്. 



വിജയ് ബാബുവിൽനിന്നു കടുത്ത ശാരീരിക പീഡനം അനുഭവിക്കേണ്ടി വന്നതായി നടി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. പരാതി നൽകിയത് അറിഞ്ഞു വിജയ് ബാബു വിദേശത്തേയ്ക്കു മുങ്ങുകയായിരുന്നെന്നും വിശദമായ ചോദ്യം ചെയ്യലിനു കസ്റ്റഡിയിൽ എടുക്കണമെന്നുമായിരുന്നു സർക്കാർ വാദം. പ്രതി വിദേശത്തേയ്ക്കു കടന്നതിനാൽ പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. 


പ്രതി നാട്ടിലെത്തിയാൽ അറസ്റ്റു ചെയ്യുമെന്നുള്ള പൊലീസ് നിലപാടിനെ വിമർശിച്ച കോടതി ആദ്യം നിയമപരിധിക്കുള്ളിൽ എത്തിയ ശേഷം വാദം കേൾക്കാമെന്ന നിലപാടു സ്വീകരിച്ചിരുന്നു. ഇതോടെയാണ് വിദേശത്തായിരുന്ന വിജയ് ബാബു നാട്ടിലെത്തിയത്. 


കേസിൽ വിധി പറയുന്നതു വരെ അറസ്റ്റു ചെയ്യരുതെന്നു നിർദേശിച്ച കോടതി വാദം കേൾക്കലിന്റെ അവസാന ദിവസങ്ങളിൽ രഹസ്യമായാണ് വിജയ്ബാബുവിന്റെ വാദം കേട്ടത്. തുടർന്നാണ് വിജയ്ബാബുവിന് അനുകൂലമായ വിധി പ്രസ്താവം നടത്തിയിരിക്കുന്നത്.


40 പേരുടെ മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തി. നേരത്തേ, പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനു റജിസ്റ്റർ ചെയ്ത കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണു കേസെടുത്തിരിക്കുന്നതെന്നു വിലയിരുത്തിയാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി തള്ളിയത്.