28 March 2024 Thursday

സേനാമേധാവിമാരുടെ യോഗം വിളിച്ചു, അഗ്നിപഥുമായി മുന്നോട്ട്; മാര്‍ഗരേഖയുമായി വ്യോമസേന

ckmnews

സേനാമേധാവിമാരുടെ യോഗം വിളിച്ചു, അഗ്നിപഥുമായി മുന്നോട്ട്; മാര്‍ഗരേഖയുമായി വ്യോമസേന


ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കി അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം രാജ്യത്തു കത്തിപ്പടരുന്നതിനിടെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മൂന്നു സേനാധിപന്‍മാരുടേയും യോഗം വിളിച്ചു. പ്രതിഷേധം രൂക്ഷമായ ശേഷം പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നത് ഇത് രണ്ടാം തവണയാണ്. പ്രക്ഷോഭം ആളിപ്പടരുമ്പോഴും അഗ്നിപഥുമായി മുന്നോട്ടു പോകുമെന്നു കേന്ദ്രം വ്യക്തമാക്കി. അഗ്നിപഥ് റിക്രൂട്മെന്റുകൾ എത്രയും വേഗം ആരംഭിച്ചാൽ വിഷയം ഒരുപരിധി വരെ പരിഹരിക്കാമെന്നാണു കേന്ദ്രത്തിന്റെ പ്രതീക്ഷ. ഇതു സംബന്ധിച്ച് മൂന്നു സേനകൾക്കും നിർദേശം നൽകിയിട്ടുണ്ട്.


റിക്രൂട്മെന്റിനുള്ള തയാറെടുപ്പുകൾ കര, നാവിക, വ്യോമ സേനകൾ ആരംഭിച്ചു. വ്യോമസേനയിലേക്കുള്ള റിക്രൂട്മെന്റ് 24ന് ആരംഭിക്കും. പദ്ധതിയുടെ വിശദമായ മാർഗരേഖ വ്യോമസേന പുറത്തുവിട്ടു. റിക്രൂട്മെന്റ് റാലികൾക്ക് പുറമേ തിരഞ്ഞെടുക്കുന്ന ഇടങ്ങളിൽ ക്യാംപസ് ഇന്റർവ്യു നടത്താനാണ് തീരുമാനം. വിദ്യാഭ്യാസ യോഗ്യത, മൂല്യനിർണയം, അവധി, ലൈഫ് ഇൻഷുറൻസ്, പ്രതിഫലം, തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി വിവരിക്കുന്ന മാർഗരേഖ വ്യോമസേന പുറത്തു വിട്ടത്.


കരസേനാ റിക്രൂട്മെന്റ് സംബന്ധിച്ച വിജ്ഞാപനം 2 ദിവസത്തിനകം പുറപ്പെടുവിക്കുമെന്നു സേനാ മേധാവി ജനറൽ മനോജ് പാണ്ഡെ അറിയിച്ചു. ആദ്യ ബാച്ചിന്റെ പരിശീലനം ഡിസംബറിൽ തുടങ്ങി അടുത്ത വർഷം പകുതിയോടെ സജീവ സൈനിക സേവനം ആരംഭിക്കും. റിക്രൂട്മെന്റ് പൂർത്തിയാക്കി 6 മാസത്തിനകം നാവികസേനയിലെ ആദ്യ അഗ്നിപഥ് ബാച്ചിന്റെ പരിശീലനം ആരംഭിക്കും. റിക്രൂട്മെന്റ് നടപടികൾ ഉടൻ ആരംഭിക്കുമെന്നും യുവാക്കൾക്കു സേനകളിൽ ചേരാനുള്ള സുവർണാവസരമാണിതെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.