29 March 2024 Friday

പൊന്നാനിയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഇന്ന് തീരും

ckmnews


ഇളവുകള്‍ക്ക് കാതോര്‍ത്ത് പൊന്നാനി


പൊന്നാനി:കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ പൊന്നാനിയില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കാനിരിക്കെ പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ് പൊന്നാനിയിലെ പൊതുസമൂഹവും വ്യാപാരികളും.കോവിഡ് വ്യാപനം ശക്തമായതോടെ മാസങ്ങളായി ദുരിതം അനുഭവിക്കുന്ന വ്യാപാരികളും അധികൃതര്‍ നല്‍കുന്ന ഇളവുകള്‍ക്കും കനിവുകള്‍ക്കും വേണ്ടി കാതോര്‍ക്കുകയാണ്.ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ മൂലം നിശ്ചലമായ പൊന്നാനിയിലെ കടലോര മേഖലയില്‍ കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന കടലാക്രമണവും ജനങ്ങളെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്.ജോലി ഇല്ലാതായതോടെ പലരുടെയും നിത്യജീവിതം പട്ടിണിയിലാണ്.അടഞ്ഞു കിടക്കുന്ന കടലോരമേഖലയില്‍ പുറത്തിറങ്ങാന്‍ പോലും കഴിയാതെ പലരും കണ്ണീരിലാണ് കഴിയുന്നത്.സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ ഇവരുടെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുകയാണ്.ഇന്നും നാളെയുമായി പൊന്നാനിയില്‍ നടക്കുന്ന ആന്റിജന്‍ ടെസ്റ്റുകള്‍ എല്ലാം നഗറ്റീവ് ആവണെ എന്ന പ്രാര്‍ത്ഥനയിലാണ് ജനങ്ങള്‍.അവസ്ഥ ഇങ്ങനെ പോയാല്‍ സംസ്ഥാനത്ത് സംമ്പൂര്‍ണ്ണ ലോക്ക്ഡൗണിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.ആശങ്കകള്‍ക്കിടയിലും ജോലിയെടുത്ത് ജീവിതം നീക്കാനുള്ള ഇളവുകള്‍ക്ക് പ്രതീക്ഷയോടെ പൊന്നാനി.