29 March 2024 Friday

സൂര്യൻ കിഴക്കുദിക്കുന്നേടത്തോളം എന്ത് ടെൻഷൻ? കൃഷ്ണരാജ്, കാത്തിരിക്കുന്നു’ കെടി ജലീലിന്റെ മറുപടി

ckmnews

സൂര്യൻ കിഴക്കുദിക്കുന്നേടത്തോളം എന്ത് ടെൻഷൻ? കൃഷ്ണരാജ്, കാത്തിരിക്കുന്നു’ കെടി ജലീലിന്റെ മറുപടി


മലപ്പുറം∙ സ്വർണക്കടത്ത് വിവാദത്തിൽ രണ്ടു ദിവസമല്ല ഒരു നിമിഷം പോലും ടെൻഷനടിക്കില്ലെന്നു മുൻ മന്ത്രി കെ.ടി.ജലീൽ. സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ ജലീലിനെ കുറിച്ചുള്ള കാര്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞതിനു പിന്നാലെയാണ് പ്രതികരണം.


രണ്ടു ദിവസം ജലീൽ ടെൻഷനടിക്കട്ടെ എന്നും വൈകാതെതന്നെ സ്വപ്ന വിവരങ്ങളെല്ലാം മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നുമാണ് സ്വപ്നയുടെ അഭിഭാഷകനായ കൃഷ്ണരാജ് പറഞ്ഞത്. ഇതിനു മറുപടിയായിട്ടാണ് കൃഷ്ണരാജിനെ അഭിസംബോധന ചെയ്ത് ജലീലിന്റെ ഫെയ്സ്ബുക് പോസ്റ്റ്.



പോസ്റ്റിന്റെ പൂർണ രൂപം: 


മിസ്റ്റർ കൃഷ്ണരാജ്, രണ്ടു ദിവസമല്ല, ഒരു നിമിഷം പോലും എനിക്ക് ടെൻഷൻ അടിക്കേണ്ടി വരില്ല. ഖുർആനിൽ സ്വർണം കടത്തി എന്ന് ആദ്യം പറഞ്ഞു. ഖുർആന്റെ തൂക്കം പറഞ്ഞ് കുറെ കഥകൾ വേറെ മെനഞ്ഞു. ഖുർആൻ കയറ്റിയ വണ്ടിയുടെ ജിപിഎസ് കേടുവന്നു എന്നും പറഞ്ഞ് കുറെ നടന്നു. പിന്നെ കേട്ടത് വണ്ടി ബെംഗളൂരുവിലേക്കു പോയ വാർത്തയാണ്. ഈന്തപ്പഴത്തിന്റെ കുരുവാക്കി സ്വർണം കടത്തിയെന്നായി അടുത്ത പ്രചരണം. അതിനൊക്കെ തീർപ്പുണ്ടാക്കിയിട്ട് പോരേ പുതിയ വെളിപ്പെടുത്തൽ.


അഡ്വ. കൃഷ്ണരാജിനും സംഘികൾക്കും കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേട് കൂരിപ്പറമ്പിൽ തെക്കുംപാട്ട് കുഞ്ഞി മുഹമ്മദാജിയുടെ മകൻ ജലീലിനില്ല. എന്തും പറഞ്ഞോളൂ. ഏത് ഏജൻസികളെയും അന്വേഷണത്തിനു വിളിച്ചോളൂ. സൂര്യൻ കിഴക്കുദിക്കുന്നേടത്തോളം എനിക്കെന്ത് ടെൻഷൻ കൃഷ്ണരാജ്.


മിസ്റ്റർ കൃഷ്ണരാജ്, ഇലക്ട്രോണിക് യുഗമാണിത്. തെറ്റു ചെയ്യാത്തവർക്ക് ലവലേശം ഭയപ്പാടിന്റെ കാര്യമില്ല. ഒരു അണുമണിത്തൂക്കം എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നേ അതെല്ലാം നാട്ടിൽ പാട്ടാകുമായിരുന്നു. പലരെയും നിങ്ങൾ മിണ്ടാട്ടമില്ലാത്തവരാക്കിയത് ഇത്തരം ഓലപ്പാമ്പുകൾ കാട്ടിയാണ്.


മിസ്റ്റർ കൃഷ്ണരാജ്. എനിക്ക് സംരക്ഷിക്കാൻ കോടികളുടെ ആസ്തി ഇല്ല. എന്റെ കയ്യിൽ നികുതി കൊടുക്കാത്ത ഒരു രൂപയുടെ സമ്പാദ്യവുമില്ല. കണക്കിൽ പെടാത്ത ഒരു നയാപൈസ ഞാനെവിടെയും നിക്ഷേപിച്ചിട്ടുമില്ല. പിന്നെ ഞാൻ എന്തിന് ടെൻഷൻ അടിക്കണം? മിസ്റ്റർ കൃഷ്ണരാജ്, ഞാനും കാത്തിരിക്കുന്നു. പലരെയും പോലെ. ആ തമാശ കേൾക്കാൻ. ബാക്കി തമാശയ്ക്കു ശേഷം.